നരക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് അപകടം; പതിനാറുകാരന്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്


മേപ്പയ്യൂര്‍: നരക്കോട് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര 'കൃഷ്ണനിലയം' അജല്‍ പ്രവീണ്‍ (16) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്.

ഇന്നലെ രാത്രി 9.30 ഓടെ നരക്കോട്- ഇരിങ്ങത്ത് റോഡില്‍ നരക്കോട് വെച്ചാണ് അപകടമുണ്ടായത്. ജിമ്മില്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു.

ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . പരിക്കേറ്റ മറ്റു രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അജലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുവരും. അച്ഛന്‍: പ്രവീണ്‍ കുമാര്‍. അമ്മ: മഞ്ജുഷ. സഹോദരന്‍: അര്‍ജുന്‍ പ്രവീണ്‍.