പേരാമ്പ്ര മരക്കാടി തോട്ടില്‍ ചുവന്ന വെള്ളം

പേരാമ്പ്ര: മരക്കാടി തോട്ടില്‍ കടുംചുവപ്പ് നിറത്തിലുള്ള വെള്ളം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ചുവന്ന വെള്ളത്തിന്റെ ഒഴുക്ക് അരമണിക്കൂറിലധികം നീണ്ടുനിന്നതായി നാട്ടുകാര്‍ പറയുന്നു.

തോടിന് സമീപത്തുള്ള വീടുകളിലെ കിണറുകളിലേക്ക് മലിനജലം ഉറവയായി എത്താനുള്ള സാധ്യതയാണ് നാട്ടുകാരെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. കുട്ടികളടക്കം കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകളിലെ വെള്ളം മലിനമായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇവരുടെ ഭയം.

വെള്ളത്തിന് ചുവന്ന നിറം വന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ ആശങ്കയിലായ പരിസരവാസികള്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു.

തോട്ടിലെ വെള്ളത്തിന്റെ നിറം മാറിയ സംഭവം പഞ്ചായത്ത് മെമ്പറെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് മുമ്പും ഇതേ തോട്ടിലൂടെ കറുത്ത നിറത്തിലുള്ള വെള്ളം ഒഴുകിയിരുന്നു.

അന്ന് തോട്ടിലെ മത്സ്യങ്ങളും പാമ്പുകളും ചത്തുപൊങ്ങിയതായും നാട്ടുകാര്‍ പറയുന്നു. അന്നും അധികൃതരെ വിവരം അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ് ആരോപണം.

മത്സ്യ മാര്‍ക്കറ്റില്‍നിന്ന് രാത്രികാലങ്ങളില്‍ മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നുവെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇപ്പോള്‍ ഒഴുകിയ ചുവന്ന വെള്ളത്തിന്റെ ഉറവിടം ഇതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണ്.

തോട്ടിലെ വെള്ളത്തിന്റെയും സമീപത്തെ കിണറുകളിലെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് അടിയന്തരമായി പരിശോധന നടത്തണമെന്നും മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ കുടിവെള്ളസുരക്ഷ ഉറപ്പാക്കാന്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.