നവംബറില്‍ ഉയര്‍ന്ന സര്‍ചാര്‍ജ് പിരിക്കും

തിരുവനന്തപുരം: അടുത്തമാസം ഉയര്‍ന്ന ഇന്ധന സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബി. പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് അഞ്ച് പൈസ വച്ചും ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് നാല് പൈസ വച്ചുമാണ് ഈടാക്കുക. സെപ്റ്റംബര്‍ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതില്‍ 11.92 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി അറിയിച്ചു.

ഇതാണ് ഇന്ധന സര്‍ചാര്‍ജ് ആയി നവംബറില്‍ പിരിക്കുന്നത്. നിലവില്‍ കല്‍ക്കരിയുടെ വിലവര്‍ധനവും കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ മാസം യൂണിറ്റിന് മൂന്ന് പൈസ വച്ചായിരുന്നു ഇന്ധന സര്‍ചാര്‍ജ്. 10 പൈസ വരെ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതിന് കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ പ്രത്യേക അനുമതി ആവശ്യമില്ല.

അതേസമയം വൈദ്യുതി ഭവന് മുന്നിലെ സമരപ്പന്തല്‍ ഉടന്‍ പൊളിച്ചുമാറ്റാന്‍ സിഐടിയു യൂണിയനോട് കെഎസ്ഇബി ആവശ്യപ്പെട്ടു. അനധികൃതമായി ഓഫീസിന് മുന്നില്‍ ഒത്തുചേരരുതെന്നും നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി പറഞ്ഞു.

ഒക്ടോബര്‍ 16ന് തുടങ്ങിയ സമരം നവംബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം എത്രയും വേഗം നടപ്പിലാക്കുക, അനധികൃതമായി സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടക്കുന്നത്. എന്നാല്‍ അനിശ്ചിതകാല പണിമുടക്ക് കെഎസ്ഇബിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.