താമരശ്ശേരിയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ യുവതിയുടെ പരാക്രമം എക്സൈസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്
താമരശ്ശേരി: താമരശ്ശേരി കെടവൂർ വെണ്ടേക്ക് മുക്കിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി (MDMA) യുവതിയെ എക്സൈസ് സംഘം പിടികൂടി. തിരുവമ്പാടി മാട്ടുമ്മൽ വീട്ടിൽ സാക്കിറ എ.കെ ആണ് അറസ്റ്റിലായത്.
താമരശ്ശേരി എക്സൈസ് റേഞ്ചും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡും സംയുക്തമായി ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇവരുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ പ്രതി അക്രമാസക്തയായതിനെത്തുടർന്ന് സംഘത്തിലുണ്ടായിരുന്ന വനിതാ സിവിൽ എക്സൈസ് ഓഫീസർക്ക് പരുക്കേറ്റു.
265 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച കേസിൽ കാളികാവ് എക്സൈസ് റേഞ്ച് ഓഫീസിലും, 3.06 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച കേസിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിലും നേരത്തെ കേസുകളുള്ള സാക്കിറ, ഈ കേസുകളിൽ ജാമ്യത്തിലിരിക്കെയാണ് വീണ്ടും മയക്കുമരുന്നുമായി പിടിയിലാകുന്നത്. പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) നിയമത്തിലെ 22(c) വകുപ്പ് പ്രകാരം താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ CR No. 81/26 ആയി കേസ് രജിസ്റ്റർ ചെയ്തു.
താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിൻ എം.ജെ., ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.ഇ.ഐ (ഗ്രേഡ്) ഉദ്യോഗസ്ഥരായ മനോജ് കുമാർ പി.സി., അജീബ് എസ്.ബി., പ്രിവന്റീവ് ഓഫീസർമാരായ അജീഷ് ടി.ബി., ബൈജു ജി., സിവിൽ എക്സൈസ് ഓഫീസർമാരായ ജിത്തു, അജിത് പി., അമൽനാഥ് സി., വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മഹിത ബി.എസ്., അഷ്മില ഷെറിൻ, സി.ഇ.ഒ ഡ്രൈവർ ബവിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
