യൂത്ത് ലീഗ് സമ്മേളനത്തിനിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കി; മുനവ്വറലി തങ്ങള്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെ കേസ്

കൊച്ചി: എറണാകുളത്ത് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിന് കേസെടുത്ത് പൊലീസ്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയും കൊടുവള്ളി എംഎല്‍എയുമായ പി.കെ ഫിറോസും ഉള്‍പ്പടെ 12 പേര്‍ക്കെതിരെയാണ് കേസ്. കണ്ടാലറിയുന്ന രണ്ടായിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഗോശ്രീപാലം മുതല്‍ മറൈന്‍ ഡ്രൈവ് വരെ ആയിരുന്നു റാലി നടന്നത്. ജില്ലയിലുടനീളം ഗതാഗതക്കുരുക്കുകൾ അലട്ടുന്നതിനിടെയായിരുന്നു റാലി. ഇതേ തുടർന്ന് യൂത്ത് ലീഗ് നേതൃത്വം സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശനം നേരിട്ടിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. സമ്മേളനത്തിനും റാലിക്കും അനുമതി നൽകിയിരുന്നുവെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.