നമ്പർ പ്ലേറ്റില്ല, കാറിലെ തീ തുപ്പും അഭ്യാസം; യുവാവിനെതിരെ കേസെടുത്തു.


കൊല്ലം: തീ തുപ്പുന്ന കാർ പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചക്ക് 12ന് പൂയപ്പള്ളി നാൽക്കവല മേലേവിള ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം, കാർ നടുറോഡിൽ നിർത്തി അഭ്യാസ പ്രകടനങ്ങൾ നടത്തി. ഇതു കണ്ട് ഭയന്ന നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൂയപ്പള്ളി എസ്.ഐയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന് നമ്പർ പ്ലേറ്റും ഇല്ലായിരുന്നു. 

വാഹനത്തിൽനിന്ന് വലിയ തോതിൽ തീ പടർന്ന് അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കല്ലുവാതുക്കൽ നടക്കൽ ഷിബു മന്ദിരത്തിൽ കെവിൻ ഷിബുവിനെതിരെ (20)  പൊലീസ് കേസെടുത്തു. മോട്ടേർ വാഹന നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും വാഹനത്തിന്റെ ആർ.സി റദ്ദാക്കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കാർ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് വിവരം കൈമാറിയതായും പൊലീസ് അറിയിച്ചു.