കുട്ടികളുടെ വാഹന ഉപയോഗം: 'നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വാഹനം വിൽക്കട്ടെ', മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നടപടിയെടുക്കുക. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ ഉൾപ്പെട്ട വാഹാനാപകട കേസുകൾ പെരുകുന്നതിനിടെയിലാണ് മന്ത്രിയുടെ പ്രതികരണം. കേസെടുക്കുന്ന കാര്യത്തിൽ ഒരു ദയയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് അടിസ്ഥാനപരമായ കാരണം സമയക്രമമാണെന്നും സി.പി. ജോൺ പറഞ്ഞു. ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിന് സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

അതേസമയം, മെഡിക്കൽ കോളജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ചായക്കടകൾക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാതെ വാഹനം ഓടിച്ച വിദ്യാർഥികളെ പിടികൂടി. രാത്രി 8.30 തോടെ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം കണ്ട് പൊലീസ് പരിശോധന നടത്തുകയും വിദ്യാർഥികളെ ചോദ്യം ചെയ്യുകയുമായിരുന്നു. ലൈസൻസ് ചോദിച്ചപ്പോൾ 'എടുത്തിട്ടില്ലെന്നും' ആധാർ പരിശോധിച്ചപ്പോൾ ഇരുവർക്കും 17 വയസ്സായിരുന്നു പ്രായമെന്നും മനസ്സിലായി. തുടർന്ന് രക്ഷിതാക്കളെ വിളച്ചപ്പോൾ മക്കൾ അകത്തെ മുറിയിൽ ഉറങ്ങുകയാണെന്നാണ് രക്ഷിതാവ് മറുപടി നൽകിയത്.

ഹെൽമറ്റു വെക്കാതെ, നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരമധ്യത്തിലൂടെയും നാട്ടിൻപുറത്തെ വഴികളിലൂടെയും ട്രിപ്പിളടിച്ച് യാത്ര ചെയ്യുന്ന യുവാക്കളുടെ എണ്ണം കൂടിവരികയാണ്. കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇരുചക്രവാഹനം വാങ്ങി നൽകുന്ന രക്ഷിതാക്കൾ അവർ നിയമലംഘനങ്ങൾ നടത്തുന്നത് അറിയുന്നില്ല. കഴിഞ്ഞദിവസം ട്രിപ്പിളടിച്ചുപോയ കുറ്റത്തിന് പൊലീസ് പിടികൂടിയ വാഹനത്തിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമായിരുന്നു. സ്വന്തമായി വാഹനമില്ലാത്ത കുട്ടികളും ഇത്തരം നിയമലംഘനങ്ങളിൽ ഉൾപ്പെടുകയും വാഹനാപകടങ്ങളിൽ മരണപ്പെടുകയും ചെയ്യുന്നുണ്ട്. എ.ഐ ക്യാമറകളെയോ പൊലീസിന്റെ ക്യാമറകളെയോ വിലവെക്കാതെ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചാണ് റോഡിലൂടെ അഭ്യാസ പ്രകടനം നടത്തുന്നത്. ചിലർ നമ്പർ പ്ലേറ്റിൽ മാസ്ക് വെച്ചും പോകുന്നു. ഇങ്ങനെ നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.