ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ലോക ചാമ്പ്യന്‍മാര്‍; എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്


ബുക്കാറസ്റ്റ്: യൂറോ കപ്പിൽ ക്വാർട്ടർ ലക്ഷ്യമിട്ട് ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ഇറങ്ങുന്നു. സ്വിറ്റ്സർലൻഡാണ് എതിരാളികൾ.

മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം കടന്ന ഫ്രാൻസിനെ മറികടക്കുക സ്വിറ്റ്സർലൻഡിന് അത്ര എളുപ്പമായേക്കില്ല. ജർമനിയെ തോൽപിച്ചു കൊണ്ട് ടൂർണമെന്റ് ആരംഭിച്ച ഫ്രാൻസിന് അതിനു ശേഷം ആ മികവ് പുലർത്തതാനായില്ല.

പോൾ പോഗ്ബ, എൻഗോളെ കാന്റെ എന്നിവർ കളിക്കുന്ന മധ്യനിരയും കരീം ബെൻസമ- കൈലിയൻ എംബാപ്പെ- അന്റോയിൻ ഗ്രീസ്മാൻ എന്നിവർ കളിക്കുന്ന മുന്നേറ്റനിരയും ഫോമിലേക്ക് ഉയർന്നിട്ടില്ല. ഹംഗറിയോടും പോർച്ചുഗലിനോടും ഫ്രാൻസ് സമനില വഴങ്ങിയിരുന്നു. എംബാപ്പെ സ്കോർ ചെയ്യാൻ വിഷമിക്കുന്നത് ടീമിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പരിക്കും ടീമിനെ വലയ്ക്കുന്നുണ്ട്. അതേസമയം കരീം ബെൻസമ പോർച്ചുഗലിനെതിരേ ഇരട്ടഗോളോടെ ഫോമിലായിട്ടുണ്ട്.

ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിലെത്തിയത്. അവസാന മത്സരത്തിൽ തുർക്കിയെ തോൽപിച്ചത് സ്വിറ്റ്സർലൻഡ് ക്യാമ്പിന് ആത്മവിശ്വസം നൽകിയിട്ടുണ്ട്. ഷാഖിരി ഇരട്ട ഗോളുകളുമായി ഫോമിൽ എത്തിയതും അവർക്ക് സന്തോഷം നൽകുന്നു.