കേന്ദ്രത്തിന്റെ തെറ്റായ നടപടി മൂലം കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചത് 50 ലക്ഷം പേര്‍- രാഹുല്‍


ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾ കാരണം കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് 50 ലക്ഷത്തോളം ആളുകൾ മരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച് വാഷിങ്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റ് ഏജൻസിയുടെ പഠന റിപ്പോർട്ട് ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ ആരോപണം.

രാജ്യത്ത് ഇതുവരെ 4.18 ലക്ഷം പേർ കോവിഡ് മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിലെ മരണസംഖ്യ. എന്നാൽ ഇതിന്റെ പത്തിരട്ടിയോളമാണ് യഥാർഥ മരണസംഖ്യയെന്നാണ് സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ യഥാർഥ മരണ സംഖ്യ 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പഠനം പറയുന്നത്.

ഡൽഹിയിലെ കർഷക പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെയും രാഹുൽ വിമർശിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരിൽ ഇതെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ട്വീറ്റ് ചെയ്തു. #FarmersProtest എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍