ഇന്ന് രാമായണ മാസാരംഭം

രാമായണ മാസാരംഭം ഇന്ന്.കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. 

സൗരമാസമാണ് കർക്കടകം. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ്. ശക്തമായ മഴയും ഇരുളും നിറഞ്ഞ അന്തരീക്ഷം. 

ജ്യോതിഷപരമായി ഉത്തരായണം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുന്നതു കർക്കടകമാസത്തോടെയാണെന്നു പറയുന്നു. സൂര്യൻ വടക്കു നിന്ന് തെക്കോട്ടു സഞ്ചരിക്കുന്ന സമയമാണ് ദക്ഷിണായനം. ഉത്തരായണം ദേവതകളുടെ പകലും ദക്ഷിണായനം രാത്രിയുമാണ്. അതുകൊണ്ടു ദക്ഷിണായനത്തെ ദേവസന്ധ്യ എന്ന പേരിലും അറിയപ്പെടുന്നു.
ഭാരതീയ വർഷപ്രകാരം ആഷാഢം തൊട്ടാണ് മഴക്കാലമായി ഗണിക്കുന്നത്. തമിഴിലാവട്ടെ ആടിമാസം എന്നും അറിയപ്പെടുന്നു. ഈ മാസത്തോടനുബന്ധിച്ചാണ് ചാതുർമാസ്യവും തുടങ്ങുന്നത്. വാല്മീകി രാമായണത്തിൽ സീതാന്വേഷണം ചാതുർമാസ്യത്തിനു ശേഷം നടത്താമെന്നു ശ്രീരാമൻ പറയുന്നതായി പറയുന്നു. ദുരിതപൂർണമായ മഴക്കാലമായതു കൊണ്ടാണു ഇങ്ങനെ പറയുന്നത്. ആഷാഢവും കർക്കടകവും ചാതുർമാസ്യവുമെല്ലാം വർഷകാലത്തിലൂടെയാണ് കടന്നു പോകുന്നത്. ജ്യോതിശ്ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ മാസാരംഭങ്ങളെല്ലാം ഗണിച്ചെടുക്കുന്നത്. പണ്ടു ചാതുർമാസ്യക്കാലത്തു രാമായണം മുഴുവൻ വായിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. വള്ളുവക്കോനാതിരിയാണ് ഇതിനു തുടക്കം കുറിച്ചതെന്നും പറയുന്നു.

കർക്കടകം പേമാരിയും പട്ടിണിയും രോഗങ്ങളുമെല്ലാം നാശം വിതച്ചിരുന്ന മാസമായിരുന്നു. ദുർഘടമായ ഈ കാലഘട്ടത്തെ അതിജീവിച്ചു ഐശ്വര്യ സമൃദ്ധമായ പുതുവർഷത്തെ വരവേൽക്കാൻ നമുക്ക്‌ സാധിച്ചിരുന്നത് രാമായണ പാരായണത്തിലൂടെയായിരുന്നു. ധർമത്തിൽ നിന്നു വ്യതിചലിക്കാത്ത മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ കഥ വായിക്കുന്നതും കേൾക്കുന്നതും പുണ്യമായി കരുതിയിരുന്നു. സാധാരണക്കാരനു  മനസ്സിലാകുന്ന ഭാഷയിലും മൊഴിയിലും എഴുത്തച്ഛൻ എഴുതിയപ്പോൾ അതു ജനഹൃദയങ്ങളിലേക്കു ആഴ്ന്നിറങ്ങുകയും ചെയ്‌തു. ഇതു കൂടാതെ സമൂഹത്തിൽ നല്ലൊരു ഭാഷാ പരിജ്ഞാനം ഉണ്ടാകാനും എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു കഴിഞ്ഞു.

കഷ്ടതകളും ആകുലതകളും നിറഞ്ഞ കർക്കടകത്തെ നമ്മൾ ഭയത്തോടെ കാണുമ്പോൾ അവിടെ ആശ്വാസത്തിന്റെയും ഭക്തിയുടെയും നന്മയുടെയും വെളിച്ചം പകരാൻ കർക്കടകത്തിലെ രാമായണ പാരായണത്തിലൂടെ കഴിഞ്ഞു. 

മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടത്തെ നന്മയുടെയും ധാർമികതയുടെയും പാതയിലേക്കു കൊണ്ടുവരാൻ എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു കഴിഞ്ഞു എന്നുള്ളതാണ് രാമായണമാസാചരണത്തിന്റെ കാലിക പ്രസക്തി. രാമായണത്തിലെ രണ്ടു വരിയെങ്കിലും വായിക്കാതെ അത്താഴം വിളമ്പുന്ന ശീലം പഴയ തലമുറയ്ക്കില്ലായിരുന്നു.

കർക്കട മാസത്തിൽ രാമായണം മുഴുവൻ വായിച്ചു തീരുന്നതു പുണ്യമായി കരുതുന്നു. നിത്യേനയുള്ള രാമായണ പാരായണത്തിലൂടെ സുഖവും സമ്പത്സമൃദ്ധിയും മുക്തിയും
ശത്രുനാശവും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകുന്നു. കൂടാതെ മോക്ഷപ്രാപ്‌തിയും കൈവരുന്നു.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍