ഓൺലൈൻ ഗെയിമിൽ തോറ്റതിന് കളിയാക്കി; രാത്രിയിൽ ബൈക്കുമെടുത്ത് ആക്രമിക്കാനെത്തി
ഗെയിമിൽ മാൻവെട്ടം സ്വദേശിയായ വിദ്യാർഥി പുളിങ്കുന്നുകാരനെ പരാജയപ്പെടുത്തി. തുടർന്ന് കളിയാക്കലും തർക്കവുമായി. വൈകിട്ടോടെ പുളിങ്കുന്നിൽ നിന്നു പതിനെട്ടുകാരൻ ബൈക്കിൽ മാൻവെട്ടത്ത് എത്തി. വീട് കാണിച്ചുകൊടുക്കാനായി സമീപവാസിയായ ഒരു വിദ്യാർഥികൂടെയുണ്ടായിരുന്നു. വീട്ടിലെത്തിയ പതിനെട്ടുകാരൻ ആദ്യം സിഗരറ്റ് ആവശ്യപ്പെട്ടു. പിന്നീട് ചായ വേണമെന്നു പറഞ്ഞു. ഇതിനിടയിൽ ചായ താൻ തന്നെ ഇടാമെന്നു പറഞ്ഞ് അടുക്കളയിലേക്കു പോകാൻ തുടങ്ങി.
പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പൊലീസിനെ വരുത്തുകയായിരുന്നു. അപ്പോഴാണ് ഓൺലൈൻ ഗെയിമിൽ തന്നെ പരാജയപ്പെടുത്തുകയും കളിയാക്കുകയും ചെയ്ത സഹകളിക്കാരനെ ആക്രമിക്കാനാണ് എത്തിയതെന്നു പറയുന്നത്. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തെങ്കിലും വിദ്യാർഥി പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി പതിനെട്ടുകാരനെ ഇവർക്കൊപ്പം പറഞ്ഞയച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍