ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റി; ജനസംഖ്യാ അടിസ്ഥാനത്തില്‍ നിശ്ചയിക്കും
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് അനുവദിക്കും.
ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകർ ഉള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്നാണ് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. 80 ശതമാനം സ്കോളർഷിപ്പുകൾ മുസ്ലീംങ്ങൾക്കും 20 ശതമാനം ക്രിസ്ത്യാനികൾക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നത്. ഈ അനുപാതം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
ന്യൂനപക്ഷ സമുദായാംഗങ്ങളായ വിദ്യാർഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി ഇറക്കിയ മൂന്ന് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ആദ്യം മുസ്ലിം വിഭാഗങ്ങൾക്ക് മാത്രമായിരുന്നു ഈ സ്കോളർഷിപ്പ് അനുവദിച്ചത്. പിന്നീട് ലത്തീൻ കത്തോലിക്ക വിഭാഗത്തെയും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി 80:20 എന്ന അനുപാതം സ്വീകരിച്ചു.
മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈന, ബുദ്ധ മതക്കാർ എന്നിവരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പിൽ മുസ്ലിങ്ങളെയും ലത്തീൻ കത്തോലിക്ക പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും മാത്രമാണ് ഉൾപ്പെടുത്തിയത്. ഇത് വിവേചനമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍