കാസർഗോഡ് 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റിൽ

ഉളിയത്തടുക്കയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചുവച്ചതിനും പീഡനത്തിന് ഒത്താശ ചെയ്തതിനുമാണ് അറസ്റ്റ്. കേസിൽ കുട്ടിയുടെ അയൽക്കാരും നാട്ടുകാരുമായ 9 പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ജൂൺ 26ന് റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍വച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. തുടർന്ന് ജൂലൈ അഞ്ചിന് കേസിൽ പ്രതികളായ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിന്നീട് 5 പേർ കൂടി അറസ്റ്റിലായി.

പെൺകുട്ടിയുടെ രഹസ്യമൊഴിയെടുക്കുകയും പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയുമാണ് മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കുട്ടി പീഡനത്തിനിരയായത് മാതാപിതാക്കൾ മറച്ചുവച്ചെന്നും പീഡനത്തിന് ഒത്താശ ചെയ്തെന്നും പൊലീസ്‌ കണ്ടെത്തി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് പെൺകുട്ടി ഇപ്പോൾ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍