കട്ടിപ്പാറയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ വെറുതെ വിട്ടു
താമരശ്ശേരി: കട്ടിപ്പാറയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ വെറുതെ വിട്ടു. കട്ടിപ്പാറ ചമല്‍ കാപ്പാട്ടുമ്മല്‍ സാമിക്കുട്ടി(55)യെയാണ് കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടത്. 2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. അര്‍ധ രാത്രിയില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കടന്ന് സാമിക്കുട്ടി വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ചുവെന്നായിരുന്നു കേസ്. വിദ്യാര്‍ത്ഥിനി ബഹളം വെച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് പോലീസിന് മൊഴി നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥിനിയും മാതാവും സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ വഴിയാണ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ പലപ്പോഴായി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതിക്കെതിരായ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തിലാണ് പ്രതിയെ വെറുതെ വിട്ട് കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് പോക്സോ കോടതി ഉത്തരവിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ. കെ.പി.ഫിലിപ്പ് കോടതിയില്‍ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍