അപകടമരണമല്ല, കൊന്ന് കവർച്ച; എവിടേക്ക് മുങ്ങി കുറുവ സംഘത്തിലെ പരുത്തിവീരൻ


പാലക്കാട്–തമിഴ്‌നാട് അതിർത്തിയിൽ കഴിഞ്ഞ ദിവസം രാത്രി എത്തിയ കവർച്ചാ സംഘത്തിന്റെ സിസിടിവി ദൃശ്യം (ഇടത്), Representative Image (Shutter Stock-വലത്)
 കുറുവ കവർച്ചാ സംഘം–ഈ പേരു കേട്ടു നടുങ്ങുകയാണ് അതിർത്തി ഗ്രാമങ്ങൾ. പല കഥകളും നാട്ടിൽ പറന്നു നടക്കുന്നു. എന്നാൽ ശരിക്കു പറഞ്ഞാൽ ഒരു സമുദായമോ ഒരു സമൂഹമോ അല്ല ഇവർ. ആക്രമണവും കവർച്ചയും തൊഴിലാക്കിയ ഒരു കൂട്ടം ആളുകൾ മാത്രം; ശരിക്കും ‘പഠിച്ച കള്ളന്മാർ’. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളാണ് ഇവരുടെ ആവാസ കേന്ദ്രം. കരുത്തുറ്റ ആളുകളുടെ കൂട്ടം എന്ന നിലയിലാണു തമിഴ്നാട് ഇന്റലിജൻസ് ടീം ഈ കവർച്ചാ സംഘത്തിനു കുറുവ സംഘമെന്ന പേരു നൽകിയത്.

ഇതുവരെ തമിഴ്നാട്ടിൽ മാത്രമാണ് ഇവർ കവർച്ച നടത്തിയതെങ്കിലും ഇപ്പോൾ ഇതാദ്യമായി സംസ്ഥാന അതിർത്തിയിൽ വാളയാറിനോടു ചേർന്ന ചാവടി, മധുക്കര മേഖലയിൽ ഈ സംഘമെത്തിയെന്നു കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങളിലൂടെ തമിഴ്നാട് പൊലീസ് സ്ഥീരികരിക്കുന്നുണ്ട്. എന്നാൽ ഇവർ നിലവിൽ കേരളത്തിലേക്കു കടന്നിട്ടില്ലെന്നും അതിർത്തിയിൽ സുരക്ഷ കർശനമാണെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥൻ പറയുന്നു. 

പയറ്റിത്തെളിഞ്ഞവർ

കുറുവ സംഘം ആയോധന കലകളില്‍ പയറ്റിത്തെളിഞ്ഞവരാണ്. കൊല്ലും കൊള്ളയും പഠിച്ചു ശീലിച്ചവർ. 19 വയസ് മുതൽ 59 വയസ് വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. പണവും സ്വർണവും തട്ടിയെടുക്കാൻ എന്ത് അക്രമവും നടത്താൻ ഒരുമ്പെട്ടവർ. ഇരകളെ കൊലപ്പെടുത്തിയാണ് സാധാരണ ഇവർ കവർച്ച നടത്താറുള്ളത്. ഇരുമ്പുദണ്ഡും കുന്തവും വാളും അരിവാളും ഉൾപ്പെടെയുള്ള മാരാകായുധങ്ങളുമായാണു കവർച്ചയ്ക്ക് എത്തുക.

representative-image
Representative Image (Shutterstock)

നൂറോളം പേരടങ്ങുന്ന കവർച്ചാ സംഘം ഇപ്പോഴും സജീവമായി തിരുച്ചിറപ്പള്ളി ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിലുണ്ടെന്നും തമിഴ്നാട് പൊലീസ് പറയുന്നു. ആക്രിക്കച്ചവടവും മറ്റുമായി ഈ സംഘം പകൽ സമയങ്ങളിൽ നമുക്കു മുന്നിലൂടെ കടന്നു പോവും. ഇത്തരത്തിൽ സ്ഥലം കണ്ടെത്തി ആസൂത്രണത്തിനു ശേഷം രാത്രിയിലാണു കവർച്ചയ്ക്ക് എത്തുക 

ഒരിക്കൽ വലയിലായി, മുങ്ങി 

വർഷങ്ങൾക്കു മുൻപ് പാലക്കാട് ജില്ലയിൽ തമിഴ് കുറുവ സംഘത്തെ പിടികൂടിയ കഥ പഴയ പൊലീസുകാർക്ക് ഓർമയുണ്ട്. ഒറ്റപ്പാലം അമ്പലപ്പാറയിൽനിന്ന് 2008ൽ പത്തിലേറെ പേരും മലപ്പുറം മക്കരപറമ്പിൽനിന്ന് 2010ൽ മറ്റൊരു സംഘവും പിടിയിലായി. ജാമ്യത്തിൽ ഇറങ്ങിയ ഇവർ ഇന്ന് എവിടെയാണെന്ന് പൊലീസിനു പോലും കൃത്യമായ ഉത്തരമില്ല. 

തമിഴ്നാട്ടിലെ വിഴിപ്പുറം, കല്ലക്കുറുച്ചി സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കൾ പരുത്തിവീരൻ, കൃഷ്ണൻ, വീരൻ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു. ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ അൻപതോളം കേസുകൾ ഉണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംസ്ഥാനത്താകെ നൂറോളം കേസുകളും. പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും. ഇതിനിടെ  തിരഞ്ഞെടുക്കുന്ന വീടുകൾ രാത്രി കുത്തിത്തുറന്നു കുടുംബാംഗങ്ങളെ  ആക്രമിച്ചു കീഴ്പ്പെടുത്തി കവർച്ച നടത്തലായിരുന്നു രീതി. അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്റെ കയ്യിൽ പോലുമില്ലെന്നാണു സൂചന. 

തിരുട്ടു ഗ്രാമങ്ങൾ

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്തുള്ള തിരുട്ട് ഗ്രാമത്തെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. കൃത്യമായ ആസൂത്രണത്തിലൂടെ ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടും കൂടി മോഷണം നടത്തുന്നവരുടെ നാട്. തിരുട്ട് ഗ്രാമക്കാർ ജയിലിലായാലും അവരുടെ ബന്ധുക്കൾ പട്ടിണിയിലാകില്ല. തിരുട്ട്‌ ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ്‌ ഓരോ സംഘങ്ങളും കവർച്ചയ്ക്ക് എത്തുന്നത്‌. 


kuruva-thugs
പാലക്കാട്–തമിഴ്‌നാട് അതിർത്തിയിൽ കഴിഞ്ഞ ദിവസം രാത്രി എത്തിയ കവർച്ചാ സംഘത്തിന്റെ സിസിടിവി ദൃശ്യം.

ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക്‌ കൈമാറും. അവിടെനിന്നും ഇടപെടലുകൾ നടത്തിയാണ്‌ നിയമ സഹായമുൾപ്പെടെ നൽകുക. കവർച്ചനടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം ഗ്രാമ മൂപ്പനെ ഏൽപ്പിക്കണം. ഈ  തുക ഉപയോഗിച്ചാണ്‌ കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്. ഇത്തരത്തിൽ കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം മറ്റൊരംഗം മോഷണമേഖലയിലേക്ക്‌ സജീവമാകണമെന്ന നിബന്ധനയും ഈ ഗ്രാമത്തിലുണ്ട്‌.

ചോർ ഗ്രാമങ്ങൾ

തമിഴ്‌നാടിലെ തിരുട്ടു ഗ്രാമം പോലെ ഉത്തർപ്രദേശിലെ ചോർ ഗ്രാമവും മോഷണത്തിനു പേരെടുത്ത സ്ഥലങ്ങളിൽ ഒന്നാണ്. സ്യൂട്ട്‌കേസുകളോ ബാഗുകളോ ഉടമസ്ഥർ അറിയാതെ എടുത്തശേഷം അതിനുള്ളിലെ വിലയേറിയ വസ്തുകൾ മോഷ്ടിച്ച് ബാഗ് തിരികെ വയ്ക്കുന്നതാണ് ഇവരുടെ രീതി. ഹൈദരാബാദ്, നെല്ലൂർ, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വൻ സ്വർണക്കവർച്ച കേസുകളിലെ പ്രതികളാണ് ഈ ഗ്രാമത്തിലുള്ളവർ. ഇവരുടെ കുലതൊഴിൽതന്നെ മോഷണമാണ്‌.


kuruva-thugs
പാലക്കാട്–തമിഴ്‌നാട് അതിർത്തിയിൽ കഴിഞ്ഞ ദിവസം രാത്രി എത്തിയ കവർച്ചാ സംഘത്തിന്റെ സിസിടിവി ദൃശ്യം.

ഇവരിൽത്തന്നെ ഭവനഭേദം നടത്തുന്നവരും കാലികളെ മോഷ്ടിക്കുന്നവരുമായി രണ്ടു വിഭാഗങ്ങളുണ്ട്. ഇതിൽ ചില വിഭാഗക്കാർ മധുരയിൽ രാത്രി കാവൽക്കാരായി ജോലി ചെയ്യുന്നുണ്ട്.  ഒരു കള്ളന്റെ പ്രദേശത്ത് മറ്റൊരു കള്ളൻ മോഷണം നടത്തുകയില്ല എന്ന പ്രത്യേകതയും ഇവർക്കിടയിലുണ്ടായിരുന്നു. ഒരേ സമയം നിരവധി പേരാണ് ഈ ഗ്രാമത്തിൽനിന്നു മോഷണത്തിന് ഇറങ്ങുന്നത്. വിദഗ്ധമായ പരിശീലനത്തിനു ശേഷം പൂജയും കഴിഞ്ഞാണ് ഇവർ മോഷണത്തിനായി പുറപ്പെടുക.

അപകടത്തിലൂടെ കൊള്ളയടിക്കുന്നവർ

തമിഴ്‌നാട്ടിലെ പല അപകടമരണങ്ങൾക്കു പിന്നിലും തിരുട്ടു സംഘങ്ങളാണെന്നും ആരോപണമുണ്ട്. കൂടുതൽ അപകടങ്ങളും കുപ്രസിദ്ധമായ ‘തിരുട്ടു ഗ്രാമങ്ങൾ’ സ്ഥിതി ചെയ്യുന്ന പരിസരങ്ങളിലാണ് നടന്നിട്ടുള്ളത് എന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു. കുടുംബത്തോടൊപ്പം തീർഥയാത്രയ്ക്ക് പുറപ്പെടുന്നവർ കൈവശം ധാരാളം പണം കരുതും. സ്ത്രീകൾ പൊതുവെ സ്വർണം ധരിക്കും. എന്നാൽ അപകടസ്ഥലത്തുനിന്ന് ഇവയൊന്നുംതന്നെ ഉറ്റവർക്ക് തിരിച്ചു കിട്ടുക പതിവില്ല! ഇത്തരം കേസുകളിൽ തമിഴ്‌നാട് പോലീസ് ‘ഡ്രൈവറുടെ അശ്രദ്ധ മൂലം സംഭവിച്ച അപകടം’ എന്ന് എഫ്‌ഐആർ എഴുതി അവസാനിപ്പിക്കുന്നതാണു പതിവ്! സ്വർണവും മറ്റ് വിലയേറിയ ആഭരണങ്ങളും എവിടെപ്പോയെന്ന ചോദ്യത്തിനു മാത്രം ഇന്നും ഉത്തരമില്ല!

കടപ്പാട് : മനോരമ ഓൺലൈൻ



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍