‘ജീവിത പങ്കാളിയെ തേടുന്നു ജാതി - മത ഭേദമന്യേ’–ഈ ബോർഡ് കണ്ടു കടന്നുവരാം; കടയുടമയുടെ ജീവിതത്തിലേക്ക്
ചേർപ്പ് ∙ ഉണിക്കൃഷ്ണൻ അവസാനം സ്വന്തം കടയ്ക്കു മുന്നിൽ ബോർഡെഴുതിവച്ചു. ‘ജീവിത പങ്കാളിയെ തേടുന്നു ജാതി - മത ഭേദമന്യേ’. പല വഴിക്കും കല്യാണാലോചന നടത്തിയെങ്കിലും ഫലം കാണാതായതോടെയാണു ബോർഡ് വച്ചത്. ബോർഡു നോക്കി പലരും ചിരിക്കുന്നു, ചിലർ പറയുന്നു, ‘‘നോക്കാം, ഉണ്ണിക്കൃഷ്ണാ നോക്കാം’’.ഫെബ്രുവരി ഒന്നിനാണു വല്ലച്ചിറ പകിരിപാലത്ത് റോഡരികിൽ ഉണ്ണിക്കൃഷ്ണൻ ചക്രവണ്ടിയിൽ ചായക്കട തുടങ്ങിയത്.
ചായയിൽ തുടങ്ങിയ കച്ചവടം ഇപ്പോൾ ചെറിയ പലചരക്കു കടയായി മാറി. ഒപ്പം പലഹാര കച്ചവടവും ലോട്ടറി വിൽപനയും തരക്കേടില്ലാതെ പോകുന്നു. ജീവിത മാർഗം സുഗമമാകാതെ കല്യാണം കഴിക്കില്ലെന്നായിരുന്നു തീരുമാനം. ഇപ്പോൾ എല്ലാം ശരിയായി. അപ്പോഴേക്കും പ്രായം 33 ആയി. പല രീതിയിൽ കല്യാണ ആലോചന നടത്തിയിട്ടും ഒന്നും ഒത്തുവന്നുമില്ല.ബോർഡ് കണ്ട് ഒരു സാധാരണ പെൺകുട്ടി തേടിവരും എന്നുതന്നെയാണു ഉണ്ണിക്കൃഷ്ണൻ വിശ്വസിക്കുന്നത്. താൽപര്യമുള്ളവർക്കു വിളിക്കാൻ ബോർഡിൽ മൊബൈൽ നമ്പറുമുണ്ട്.
ഏറെ പേർ അഭിനന്ദിച്ചു. മനസ്സു തുറന്ന സമീപനം ജീവിതത്തിലും ഉണ്ടാകട്ടെ എന്നാണു പലരുടെയും ആശംസ. ടൈൽ, വെൽഡിങ് ജോലികൾ ഉപേക്ഷിച്ചാണ് ചായക്കച്ചവടം തുടങ്ങിയത്. മനസ്സിലെ ആഗ്രഹം ഇത്തരത്തിൽ പരസ്യപ്പെടുത്തുന്നതിൽ എന്താണു തെറ്റെന്നു ഉണ്ണിക്കൃഷ്ണൻ ചോദിക്കുന്നു. ബോർഡ് കണ്ട് പെണ്ണു കാണാൻ ചിലർ ക്ഷണിച്ചിട്ടുണ്ട്. വല്ലച്ചിറ നായ്കുളത്തുകാട്ടിൽ നാരായണൻ കുട്ടിയുടെയും ഗീതയുടെയും മകനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍