സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത.
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് എത്തുന്നു. വോട്ടെണ്ണല്‍ ദിവസം പിണറായിയിലെ വീട്ടില്‍ തുടർന്ന അദ്ദേഹം ഇതുവരെ മുന്നണിയുടെ തോല്‍വിയില്‍ പ്രതികരിച്ചിട്ടില്ല. കണ്ണൂരില്‍ നിന്നും വിമാനത്തില്‍ തലസ്ഥാനത്തേക്ക് എത്തുന്ന അദ്ദേഹം എകെജി സെന്ററില്‍ വെച്ച് മാധ്യമങ്ങളെ കണ്ടേക്കും.
അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ല. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കും. കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയുണ്ടാകും. ബാലഗോപാല്‍ തയ്യാറായില്ലെങ്കില്‍ പി എ മുഹമ്മദ് റിയാസും സജി ചെറിയാനുമാണ് സെക്രട്ടറിയേറ്റില്‍ നിന്ന് വിജയിച്ച മറ്റ് അംഗങ്ങള്‍. ഇവരില്‍ ആരെങ്കിലും ഒരാള്‍ പ്രതിപക്ഷ നേതാവാകും.
കെ രാജന്‍ പ്രതിപക്ഷ ഉപനേതാവാകും. നാളെ ചേരുന്ന സിപിഐ നേതൃയോഗത്തിലാകും ഇതുസംബന്ധിച്ച തീരുമാനമെടുക്കും.തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ചേരും. 10,11 തിയതികളില്‍ പൊളിറ്റ് ബ്യൂറോ യോഗം ചേരും. ടി കെ ഗോവിന്ദന്‍, വി കുഞ്ഞികൃഷ്ണന്‍, ജി സുധാകരന്‍ എന്നിവരുടെ വിജയം പ്രത്യേകം പഠിക്കാനാണ് ആലോചന.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോണ്‍ഗ്രസ്-63, മുസ്‌ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍