Kerala news
വാഹനത്തിന്റെ രൂപം മാറിയാല്‍; കുറ്റം ഏതൊക്കെ, പിഴ എത്ര| അറിഞ്ഞിരിക്കാം
പ്രതീകാത്മക ചിത്രം
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടുപിടിക്കാൻ മോട്ടോർവാഹന വകുപ്പ് പരിശോധന കർശനമാക്കുന്നു. മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന വിധത്തിലുള്ള ക്രമക്കേടുകൾക്കെതിരേ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇ-ബുൾജെറ്റ് വ്ളോഗർമാരുടെ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ സാമൂഹികമാധ്യമങ്ങളിലെ വീഡിയോകളും നിരീക്ഷിക്കും.
സാമൂഹികമാധ്യമങ്ങളിലൂടെ വരുന്ന പരാതികളിലും അന്വേഷണമുണ്ടാകും. റോഡ് അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ കണ്ടെത്തി നടപടിയെടുക്കും. സേഫ് കേരള എൻഫോഴ്സ്മെന്റ് വിഭാഗത്തിനാണ് പരിശോധനയുടെ ചുമതല. ആരോപണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ പരിശോധന കുറയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം.
കുറ്റങ്ങളും പിഴകളും
നിറം: വാഹനങ്ങളുടെ നിറം മാറ്റുന്നത് അനുവദനീയമാണ്. അപേക്ഷ നൽകി മറ്റ് വാഹന ഡ്രൈവർമാർക്ക് ശ്രദ്ധ തെറ്റില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകണം. ശ്രദ്ധ തെറ്റിക്കുന്ന രീതിയിലുള്ള നിറം മാറ്റത്തിന് 5000 രൂപയാണ് പിഴ ഈടാക്കുന്നത്.
സൈലൻസർ:ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കുന്ന രീതിയിൽ മാറ്റം വരുത്തിയാൽ 5000 രൂപയാണ് പിഴ.
ടയർ:നിർമാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത അളവിലും വലിപ്പത്തിലുമല്ലാത്ത ടയറുകൾ മാറ്റി ഉപയോഗിച്ചാൽ 5000 രൂപ വരെ പിഴ ഈടാക്കാം.
ഹോൺ;ഡെസിബൽ കൂടിയ ഹോൺ വെച്ചാൽ 5000 രൂപയും ശബ്ദമലിനീകരണത്തിന് 2000 രൂപയും പിഴ ഈടാക്കും.
ലൈറ്റ്:തീവ്രതയേറിയ വെളിച്ചം ഉണ്ടാക്കുന്ന ബൾബുൾ സ്ഥാപിച്ചാലും ലൈറ്റുകളുടെ എണ്ണം കൂട്ടിയാലും പിഴ 5000 രൂപയാണ്.
രൂപമാറ്റം:കാര്യക്ഷമതയേയും ഉത്പാദനക്ഷമതയേയും ബാധിക്കുന്ന രീതിയിൽ വാഹനത്തിന്റെ രൂപഘടനയിൽ മാറ്റം വരുത്തിയാലും 5000 രൂപയാണ് പിഴ.
നമ്പർ പ്ലേറ്റ്:രജിസ്ട്രേഷൻ നമ്പർ മാനദണ്ഡമനുസരിച്ച് പ്രദർശിപ്പിക്കാം. അല്ലാതെയുള്ള കൂട്ടിച്ചേർക്കലുകൾക്കും ഡിസൈൻ രൂപത്തിൽ പ്രദർശിപ്പിച്ചാലും 3000 രൂപ പിഴ ഈടാക്കും.
ഹാൻഡിൽ, സ്റ്റിയറിങ്ങ്:കമ്പനി നിഷ്കർഷിച്ച നിശ്ചിത വലിപ്പത്തിൽ അല്ലാത്തവ ഉപയോഗിച്ചാലും 5000 രൂപ വരെയാണ് പിഴ.
ബ്രേക്ക് ലൈറ്റ്;വാഹനങ്ങളിലെ ബ്രേക്ക് ലൈറ്റ് പിന്നാലെ വരുന്ന വാഹനങ്ങൾക്ക് കാണാത്ത രീതിയിൽ മറയ്ക്കുന്നതിനും മറ്റം വരുത്തുന്നതിനും 5000 രൂപ പിഴ ഈടാക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍