ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ താമരശ്ശേരിയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
താമരശ്ശേരി: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ താലൂക്ക് തല ഉദ്ഘാടനം തേറ്റാമ്പുറത്ത് താമരശ്ശേരി കോട്ടയില്‍ ക്ഷേത്രം മേല്‍ശാന്തി കരുവാറ്റ ബാബു നമ്പൂതിരി ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. വീടുകള്‍ അമ്പാടി മുറ്റങ്ങളാക്കിമാറ്റി അവിടെ തയ്യാറാക്കിയ കൃഷ്ണകുടീരങ്ങള്‍ കേന്ദ്രീകരിച്ചാണ് ജയന്തി ആഘോഷങ്ങള്‍ നടന്നത്. അശ്വിനി കെ ബിജു പ്രാര്‍ത്ഥന ആലപിച്ചു. ചടങ്ങില്‍ ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു. ടി എന്‍ രാമനുണ്ണി നായര്‍ കൃഷ്ണ വിഗ്രഹത്തില്‍ തുളസിമാല ചാര്‍ത്തി. വി കെ പുഷ്പാംഗദന്‍ ആരതി ഉഴിഞ്ഞു. ബാലഗോകുലം താലൂക്ക് സിക്രടറി കെ കെ ബിജു പതാക കൈമാറി. വി വി ശ്രീഹരി, സി കെ ഉമേഷ്, വി പി രാജീവന്‍ ആശംസാ പ്രസംഗം നടത്തി. കുട്ടികള്‍ കൃഷ്ണ, ഗോപികാ വേഷങ്ങളണിഞ്ഞ് കൃഷ്ണ പൂക്കളം തീര്‍ത്തു. വീടുകളില്‍ കണ്ണനൂട്ട്, അമ്പാടി മുറ്റങ്ങളില്‍ കുടുംബ ശോഭയാത്ര, ഭജന, ആരതി തുടങ്ങിയവ നടന്നു. തുടര്‍ന്ന് ആഘോഷഗീതം ആലപിച്ച്, ശ്രീകൃഷ്ണ ജയന്തി സന്ദേശം വായിച്ച് മംഗളഗീതം ചൊല്ലിയാണ് ഗൃഹാങ്കണ ആഘോഷങ്ങള്‍ സമാപിച്ചത്. രാധാകൃഷ്ണന്‍ പോര്‍ങ്ങോട്ടൂര്‍ സ്വാഗതവും ബില്‍ജു രാമദേശം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍