ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും;ഇനി മുതല്‍ ടി.പി.ആര്‍ അല്ല ഡബ്യു.ഐ.പി.ആര്‍


സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍.

കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍,ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം. 

ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലും/നഗരസഭാ-മുന്‍സിപ്പല്‍ വാര്‍ഡുകളിലും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരില്‍ പത്തിലേറെ പേര്‍ പൊസിറ്റീവ് ആയാല്‍ അവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഈ ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.

കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍,ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം. എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്‌സിന്‍ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തണം. എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോളും സാമൂഹികഅകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും. 

എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.

ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമേ വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ.

എല്ലാ സ്ഥാപനങ്ങളും കടകളിലെ ജീവനക്കാരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. 

അവശ്യവസ്തുകള്‍ വാങ്ങല്‍, വാക്‌സിനേഷന്‍, കൊവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ക്ക് പുറത്തു പോകാം. 

ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കാന്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ തുറക്കാവുന്നതാണ്. രാത്രി 9.30 വരെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഓണ്‌ലൈന്‍ ഡെലിവറി അനുവദനീയമാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എല്ലാ വാഹനങ്ങള്‍ക്കും ഓടാവുന്നതാണ്. 

ആഗസ്റ്റ് എട്ട് ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണായിരിക്കും. എന്നാല്‍ ആഗസ്റ്റ് 15-ന് ലോക്ക്ഡൗണ്‍ ബാധകമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍