പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു; നരബലിയെന്നു സംശയം, 5 പേർ കസ്റ്റഡിയിൽ
തെന്മല ∙ തെങ്കാശി ജില്ലയിൽ നരബലിക്കു ശ്രമിച്ച ക്ഷേത്ര പൂജാരി ഉൾപ്പെടെ 5പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണു നരബലിക്കായി പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിനു സമീപം വനത്തോടു ചേർന്നുള്ള ക്ഷേത്രത്തിനു സമീപം എത്തിച്ചത്. കുഞ്ഞിന്റെ മാതാവും പൊലീസ് കസ്റ്റഡിയിലാണ്.
വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പൗർണമി, അമാവാസി ദിവസങ്ങളിൽ തുറക്കുന്ന ക്ഷേത്രത്തിനു സമീപമാണു ശിവകാശി സ്വദേശികൾ തിങ്കൾ സന്ധ്യയ്ക്ക് കുഞ്ഞുമായി എത്തിയത്. പകൽപോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാർ കണ്ടു സംശയം തോന്നിയ നാട്ടുകാരായ ചിലർ ഇവരെ പിൻതുടർന്നു.
ക്ഷേത്രത്തിനു സമീപം കാർ നിർത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൂജ തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. നരബലിക്ക് അല്ല വന്നതെന്നും ശിവകാശിയിൽ നിന്നു ശങ്കരൻകോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയതാണെന്നുമാണ് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ പറഞ്ഞത്.
സന്ധ്യ കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ നിന്നു ദൂരെമാറി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. നരബലി നടത്താനല്ല ഇവർ വന്നതെന്നും ഇതു വ്യാജ പ്രചാരണമാണെന്നും തെങ്കാശി എസ്പി ആർ. കൃഷ്ണരാജ് അറിയിച്ചു. സന്ധ്യ കഴിഞ്ഞതിനാലാണു ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പൂജ നടത്തിയത്. ശിവകാശി പൊലീസിൽ ഇവർക്കെതിരെ കേസുകളൊന്നും ഇല്ല.
പൂജാരിയടക്കം എല്ലാവരും അടുത്ത ബന്ധുക്കളാണ്. പൂജാരിക്കു സ്വന്തമായി ക്ഷേത്രവും ആശ്രമവും ഉണ്ടെന്നും പാമ്പാട്ടിയെന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നതെന്നും പൊലീസ് പറയുന്നു. കേസന്വേഷിക്കുന്ന ആഴ്‌വാർകുറിച്ചി പൊലീസ് ഇവരെ ഇന്നലെ ശിവകാശിയിലേക്കു കൊണ്ടുപോയി. ആലംകുളം ഡിഎസ്പിക്കാണ് അന്വേഷണ ചുമതല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍