മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം


ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും രണ്ട്​ കുട്ടികളുടെ പിതാവുമായ ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്ബഴക്കയില്‍ വീട്ടില്‍ ടി. താമരാക്ഷന്‍ ( 42 ) പാവുക്കര ചെറുതാഴെയില്‍ വീട്ടില്‍ രണ്ടുമക്കളുടെ മാതാവ് കൂടിയായ റംസിയ( 36) എന്നിവര്‍ക്കെതിരെയാണ്​ കേസ്​. ഇരുവർക്കുമെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

കുറച്ചു കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. റംസിയയുടെ ഭര്‍ത്താവ് ഇവരുടെ ബന്ധം കണ്ടു പിടിക്കുകയും, താമരാക്ഷനുമായുള്ള അടുപ്പം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബന്ധുക്കളുടെയും അയൽവാസികളുടെയും മധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ഇനി ഒരിക്കലും താമരാക്ഷനുമായി ബന്ധം ഉണ്ടാകില്ലെന്ന റംസിയ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാല്‍, ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് റംസിയ, താമരാക്ഷനൊപ്പം കാറിൽ കയറി കടന്നുകളയുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് റംസിയയെ കാണാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. താമരാക്ഷന്‍റെ വീട്ടുകാരും പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരുടെയും മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഇടുക്കിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇടുക്കിയിൽ താമരാക്ഷന്‍റെ ബന്ധുവീട്ടിൽ നിന്നാണ് കമിതാക്കളെ പൊലീസ് പിടികൂടിയത്. തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍