ക്ലബ്ബ് ഹൗസ് 'ഇക്കിളി' ചര്‍ച്ചകള്‍ക്ക് വഴിമാറുന്നു; 'നുഴഞ്ഞു കയറി' നിരീക്ഷിക്കാന്‍ പൊലീസ്


ലൈവ് ചര്‍ച്ചകളുടെ പേരില്‍ ശ്രദ്ധേയമായ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനില്‍ അശ്ലീല ചര്‍ച്ചകള്‍ക്ക് വഴിമാറുന്നു. സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് നൂറ് കണക്കിന് പേര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സംഭവത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കേരള പൊലീസ്. ഇത്തരം ഗ്രൂപ്പുകളില്‍ നടക്കന്ന ചര്‍ച്ചകള്‍ പിന്നീട് റെക്കോര്‍ഡ് ചെയ്ത് യൂടൂബില്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്യുന്ന പ്രവണതയും വ്യാപകമാവുന്നതിനിടെയാണ് പൊലീസ് ഇടപെടല്‍

അര്‍ധരാത്രി പിന്നിടുമ്പോഴാണ് മലയാളത്തില്‍ ഉള്‍പ്പെടെ ഇത്തരം ഇക്കിളി ചര്‍ച്ചാ ക്ലബ് ഹൗസ് റൂമുകള്‍ സജീവമാവുന്നത്. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ നിരവധി പേരാണ് സ്പീക്കര്‍ പാനലിലും ഉണ്ടാവുക. ഓഡിയന്‍സ് കൂടി ഉള്‍പ്പെടുത്തിയാല്‍ ഓരോ റൂമിലും നൂറ് കണക്കിന് പേരാണ് ഉള്‍പ്പെടുന്നത്. ലൈംഗികച്ചുവയുള്ള തലക്കെട്ട് കൊടുത്ത് തുടങ്ങുന്ന റൂമുകളില്‍ െസ്ത്രീപുരുഷ വ്യത്യാസമില്ലാതെ തന്നെ ലെംഗിക സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ആര്‍ക്കും കേള്‍ക്കാവുന്ന പൊതുചര്‍ച്ചകളില്‍ മികച്ച അശ്ലീല വര്‍ത്തമാനം പറയുന്നതില്‍ മത്സരങ്ങള്‍ വരെ നടക്കുന്നുണ്ട്. അംഗങ്ങളില്‍ മിക്കവരുടേയും പ്രൊഫൈല്‍ ഫോട്ടോയോ പേരോ യഥാര്‍ഥത്തിലുള്ളതാവില്ല.

സംസ്ഥാനത്ത് ഹണി ട്രാപ് ഉള്‍പ്പെടെ തട്ടിപ്പ് വ്യാപകമാവുന്ന സാഹചര്യത്തിലാണ് ക്ലബ് ഹൗസിലെ ഇത്തരം ചര്‍ച്ചകളെ നിരീക്ഷിക്കാന്‍ കേരള പൊലീസ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് സേനയിലുള്ളവര്‍ ഇത്തരം റൂമുകളില്‍ നുഴഞ്ഞ് കയറി നിരീക്ഷിക്കും. മോഡറേറ്റര്‍മാര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയോ കേസോ ഉണ്ടായാല്‍ അംഗങ്ങളുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള നടപടികളും ലക്ഷ്യമിട്ടാണ് പൊലീസ് നീക്കം. കേള്‍വിക്കാരായിരിക്കുന്നവരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന തരത്തിലായിരിക്കും നടപടികള്‍. റൂമുകള്‍ക്ക് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഇടപെടലുള്‍പ്പെടെ സംശയിക്കുകയാണ് പൊലീസ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍