വാക്സിനെടുത്ത എല്ലാവർക്കും സൗദിയിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് പ്രവേശനം: പ്രചരിക്കുന്നത് വ്യാജ വാർത്ത
ജിദ്ദ: വാക്സിനെടുത്ത എല്ലാവർക്കും ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നേരിട്ട് പ്രവേശിക്കാമെന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത. നേരിട്ടുള്ള വിമാന സർവിസുകള്‍ ആരംഭിക്കുമെന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.
ഇന്ത്യക്ക് പുറമെ, ബംഗ്ലാദേശ്, പാക്കിസ്താന് എന്നിവിടങ്ങളില്‍നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് വരാമെന്നാണ് പ്രമുഖ ഇംഗ്ലീഷ് പത്രത്തിെൻറ ലോഗോയും പേരും ഉപയോഗിച്ചുള്ള വ്യാജ ട്വീറ്റില്‍ പറയുന്നത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലാണ് ഈ വ്യാജ പ്രചാരണം നടക്കുന്നത്.
നിലവിൽ സൗദി അധികൃതർ ഇത്തരത്തിൽ അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. സൗദിയിൽനിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാണ് നിലവിൽ നേരിട്ട് പ്രവേശനാനുമതി. അല്ലാത്തവർക്ക് ഇന്ത്യക്ക് പുറത്ത് 14 ദിവസം താമസിച്ചശേഷമേ സൗദിയിലേക്ക് പ്രവേശനാനുമതിയുള്ളൂ.
ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുന്നതിന് വിദേശ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഉടൻ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍