'പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്ന പ്രവര്‍ത്തന ശൈലിയായിരുന്നു അവരുടേത്'; രാജിക്ക് പിന്നാലെ ചര്‍ച്ചയായി സുധീരന്റെ കുറിപ്പ്

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ചര്‍ച്ചയായി വിഎം സുധീരന്റെ ഫേസ്ബുക്ക് കുറിപ്പ്. അച്യൂതമേനോന്‍ മന്ത്രി സഭയില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലെത്തിയതിന്റെ സുവര്‍ണജൂബിലി ആഘോഷമാണ് ഇന്ന്. എന്ത് പ്രശ്‌നങ്ങള്‍ വന്നാലും അതെല്ലാം ചര്‍ച്ചകളിലുടെ പരിഹരിക്കുന്ന പ്രവര്‍ത്തന ശൈലിയായിരുന്നു ഇരുവരുടേതെന്ന് സുധീരന്‍ ഓര്‍മ്മിപ്പിക്കുന്നു. ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സുധീരന്റെ കുറിപ്പ്.

അടുത്തിടെ കെപിസിസിയില്‍ നടന്ന പുനസംഘടനക്ക് ശേഷം രൂപം കൊണ്ട അതൃപ്തിയുടെ ബാക്കി പത്രമാണ് രാജിയെന്നാണ് സൂചന. പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ പുനഃസംഘടന ഉള്‍പ്പെടെയുള്ള നടപടികളില്‍ കടുത്ത അതൃപ്തിയാണ് സുധീരന് ഉണ്ടായിരുന്നത്.

സുധീരന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

'അച്യുതമേനോന്‍ മന്ത്രിസഭയില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍ പങ്കാളിയായതിന്റെ സുവര്‍ണ്ണജൂബിലിയാണിന്ന്. ജനോപകാരപ്രദങ്ങളായ ഒട്ടേറെ കര്‍മ്മപദ്ധതികള്‍ നടപ്പാക്കാനും അഭിമാനകരമായ നിരവധി സ്ഥാപനങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞ മാതൃകാ ഭരണസംവിധാനമായിരുന്നു അത്.

മുന്‍കൂട്ടിയുള്ള ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണവും അഥവാ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന പ്രവര്‍ത്തനശൈലിയും ആ മന്ത്രിസഭയെ വേറിട്ടതാക്കുന്നു. അച്യുതമേനോന്‍-കരുണാകരന്‍ കൂട്ടുകെട്ടിന്റെ വിജയഗാഥയാണ് ആ സര്‍ക്കാര്‍.

എക്കാലത്തെയും ഭരണാധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പഠനാര്‍ഹമായ ആ ഭരണകൂടം ജനാധിപത്യ കേരളത്തിന് എന്നെന്നും അഭിമാനിക്കാന്‍ കഴിയുന്ന പ്രകാശ ഗോപുരമാണ്.' 

രാജികത്ത് സുധീരന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കൈമാറി. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്റില്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍