ഞായറാഴ്ച ലോക് ഡൗൺ ;'ഉത്തരവിലെ അവ്യക്തത, സെക്ടറൽ മജിസ്ട്രേറ്റും വ്യാപാരികളും തമ്മിൽ തർക്കം.
താമരശ്ശേരി: ഞായറാഴ്ച ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും കടകൾ അടക്കേണ്ട സമയം സംബന്ധിച്ച് അറിയിപ്പ് നൽകുകയോ, വാർത്തകൾ പുറത്തു വരികയോ ചെയ്തിരുന്നില്ല. ഇതു കാരണം 7 മണി വരെ അവശ്യ സാധന വിൽപ്പന കേന്ദ്രങ്ങളും, ബേക്കറികളും തുറക്കാം എന്ന ധാരണയിലായിരുന്നു വ്യാപാരികൾമത്സ്യ വ്യാപാരികൾ ഐസ് പോലും കരുതാതെ പതിവുപോലെ വിറ്റുപോകുമെന്ന് കരുതി മത്സ്യം ഇറക്കിയിരുന്നു, ബേക്കറികളിൽ ധാരാളം എണ്ണ കടികളും ,ഷവർമ അടക്കമുള്ള വിഭവങ്ങളും തയ്യാറാക്കി.
എന്നാൽ ഉദ്ദേശം 3.30 ഓടു കൂടിയാണ് സെക്ടറൽ മജിസ്ട്രേറ്റായ സാജിത സജീർ കടകളിൽ എത്തിയത്, രണ്ടു മണിക്ക് തന്നെ അടക്കേണ്ടതായിരുന്നുവെന്നും, ഇനിയും അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചത്.
ഇതേ തുടർന്ന് ചുങ്കം ബാലുശ്ശേരി റോഡിൽ പുതുതായി ആരംഭിച്ച ബേക്കറി ഉടമകൾ വിൽപ്പനക്ക് തയ്യാറാക്കിയ ഷവർമയും, എണ്ണക്കടകളും സൗജന്യമായി വിതരണം നടത്തി.ഏതാനും കടക്കാൻ അടച്ചു പോകുകയും ചെയ്തു.
എന്നാൽ പതിനായിരക്കണക്കിന് രൂപയുടെ മത്സ്യം ഇറക്കി വച്ചവർ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടുനിന്നു.
ഈ അവസരത്തിൽ വ്യാപാരി വ്യസായി ഏകോപന സമിതി ചുങ്കംയൂനിറ്റ് പ്രസിഡൻ്റ് എ.പി ചന്തു മാസ്റ്റർ, യൂത്ത് വിംഗ് നേതാക്കളായ മുർതാസ്, മൻസൂർ, ഷെമീർ എടവലം, സാലി കാരാടി തുടങ്ങിയവർ സെക്ടറൽ മജിസ്ട്രേറ്റുമായി സംസാരിക്കുകയും കടകളിൽ തയ്യാറാക്കി വെച്ച എണ്ണ കടികളും, ഇറക്കി വെച്ച മത്സ്യവും കേടാവുന്ന മറ്റു സാധനങ്ങളും വിൽപ്പന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കടകളിലെ കേടാവാൻ സാധ്യതയുള്ള സാധനങ്ങൾ നേരിട്ട് കാണിച്ചു കൊടുത്ത്ട സെക്ടറൽ മജിസ്ട്ട്രേറ്റിനെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഏറെ നേരത്തെ ചർച്ചക്ക് ഒടുവിൽ ആളുകൾ കൂട്ടം കൂടാതെ ആറു മണി വരെ സാധനങ്ങളുടെ വിൽപ്പനക്ക് അനുമതി നൽകി.
വ്യാപാരികൾക്കും, പൊതുജനങ്ങൾക്കും, കൃത്യമായ മുന്നറിയിപ്പു നൽകാൻ സാധിക്കാത്തതാണ് ഇത്തരം തർക്കങ്ങൾക്ക് കാരണമാവുന്നത്. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണം എന്ന് പറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിലെ വ്യവസ്ഥകൾ ഇടക്ക് ഇടക്ക് മാറുന്നത് കാരണം നിലവിലെ നിയന്ത്രണങ്ങളെ കുറിച്ച് ആർക്കും വ്യക്തതയില്ല.
അതാത് ദിവസം പാലിക്കേണ്ട നിയന്ത്രണങ്ങൾ എന്തെല്ലാമാണെന്ന് തലേ ദിവസം പത്രക്കുറിപ്പ് എങ്കിലും ഇറക്കിയാൽ ആശയ കുഴപ്പങ്ങൾ ഒഴിവാക്കാനാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍