ചിക്കനും ബീഫും കഴിക്കാമോ? ഭക്ഷണാവശ്യങ്ങൾക്ക് വാഴയില ഉപയോഗിക്കാമോ? പ്രചരണങ്ങളിലെ തെറ്റും ശരിയും

നിപയ്ക്കെതിരെ ആരോഗ്യവകുപ്പ് പ്രതിരോധം തീർക്കുമ്പോൾ മറ്റൊരു ഭാഗത്ത് വ്യാജപ്രചരണങ്ങളും കൊഴുക്കുന്നുണ്ട്. ചിക്കൻ കഴിച്ചാൽ നിപ, പഴത്തിലും പച്ചക്കറിയിലും നിപ വൈറസ്, നിപയ്ക്ക് മരുന്നായി പവിഴമല്ലി, ഹോമിയോ ചികിത്സയിൽ നിപയ്ക്ക് മരുന്ന് തുടങ്ങി വാർത്തകൾ പലവിധത്തിൽ ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രചരിക്കുകയാണ്. വവ്വാൽ കടിച്ചുപേക്ഷിച്ച മാമ്പഴം കഴിച്ച് കാണിച്ച് ധൈര്യമുണ്ടെങ്കിൽ നിപ എന്നെ തൊടട്ടെ എന്ന് വെല്ലുവിളിച്ച മുറിവൈദ്യന്മാർ പോലും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു . വീണ്ടും നിപ കാലം എത്തുമ്പോൾ വ്യാജപ്രചാരണങ്ങൾക്കെതിരെ നാം ഏറെ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അറിയൂ..

ചിക്കൻ കഴിച്ചാൽ നിപ വരുമോ? പന്നി, ബീഫ് എന്നിവ ഒഴിവാക്കണോ?

ഏറെ ശക്തിപ്രാപിച്ച പ്രചരണമാണ് കോഴിയും നിപയും. എന്നാൽ ഇത് രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ല. വവ്വാലുകളാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകർ. ഇവയുടെ ഉമിനീർ, ശരീരസ്രവങ്ങൾ, വിസർജ്യം എന്നിവയിലൂടെയാണ് വൈറസ് മറ്റൊന്നിലേക്ക് പകരുന്നത്. മുൻകരുതലെന്നോണം മാംസം നന്നായി വേവിച്ച് കഴിക്കുക. വേവിച്ച് കഴിക്കുന്ന മാംസത്തിൽ വൈറസിന് ജീവിക്കാനാവില്ല. 60 ഡിഗ്രി സെൽഷ്യൽസിൽ ഒരുമണിക്കൂർവരെ ചൂടാക്കിയാൽ വൈറസ് നശിക്കും. പശുവിന്റെയും ആടിന്റെയും പാൽ തിളപ്പിച്ച് ഉപയോഗിച്ചാൽ കുഴപ്പമില്ല.

പനനൊങ്ക് കഴിക്കുന്നത് ഒഴിവാക്കണോ?

കട്ടിയുള്ള തോടുകളുള്ള ഫലങ്ങൾ വവ്വാൽ കൊത്താനുള്ള സാധ്യതയില്ല.

ഭക്ഷണം പാകംചെയ്യാനും വിളമ്പാനും വാഴയില ഉപയോഗിക്കാമോ? വാഴപ്പഴം, വാഴക്കൂമ്പ് എന്നിവ കഴിക്കാമോ?

വാഴയില വൃത്തിയായി കഴുകി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല. വവ്വാലിന്റെയും പക്ഷികളുടെയും കടിയേറ്റിട്ടില്ലെന്ന് ഉറപ്പുള്ള വാഴക്കൂമ്പ്, നേന്ത്രപ്പഴം എന്നിവ കഴിക്കാം.

മാങ്ങ, ചക്ക, പേരക്ക എന്നിവ ഉപയോഗിക്കാൻ പാടില്ലേ?

പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറൽ ഉള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. അല്ലാതെ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നല്ല. ചൂടുവെള്ളത്തിൽ നന്നായി കഴുകി ഉപയോഗിക്കാം.

വളർത്തുമൃഗങ്ങളെ പേടിക്കണോ?

വവ്വാലുകളാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകർ. ഇവ മൃഗങ്ങളിലേക്ക് പകരാൻ സാധ്യതയുണ്ട്. പന്നി, കുതിര തുടങ്ങിയ മൃഗങ്ങളിലേക്ക് വൈറസ് വ്യാപിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വവ്വാലിൽ നിന്നും മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നവർ ശുചിത്വം പാലിക്കുക, കൈയ്യും മുഖവും നന്നായി കഴുകി വൃത്തിയാക്കുക എന്നിവ മുൻകരുതലായി സ്വീകരിക്കാം.

മാസ്ക് ധരിച്ചുമാത്രമേ പുറത്തിറങ്ങാവൂ, നിപ വായുവിലുണ്ട്.?

രോഗികളുടെ ശരീരസ്രവങ്ങളിലൂടെയാണ് നിപ വൈറസ് വ്യപിക്കുന്നത്. ഇത് വായുവിലൂടെ പകരില്ല. അതിനാൽ രോഗികളുമായി അടുത്തിടപഴകുന്നവർ മാത്രം മാസ്ക് ധരിക്കുക. മാസ്ക് ധരിച്ചുമാത്രമേ പുറത്തിറങ്ങാവൂ എന്നൊന്നും ഇല്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍