നെഞ്ച് തുറന്നുള്ള സര്‍ജറിയില്ലാതെ ഹൃദയവാല്‍വ് മാറ്റിയ്ക്കാം; ഇതാണ് പുതിയ രീതി
ഹൃദയവാൽവുകളെ ബാധിക്കുന്ന അസുഖം എന്ന് കേൾക്കുമ്പോൾ തന്നെ ഭയപ്പെട്ടിരുന്നവരായിരുന്നു നമ്മൾ. പ്രായമായവരിലും മറ്റുമാണ് ഇത്തരം അസുഖങ്ങൾ കൂടുതലായി കാണപ്പെട്ടിരുന്നത്. അതീവ സങ്കീർണ്ണമായ ശസ്ത്രക്രികൾ മാത്രം പരിഹാരമായിരുന്ന കാലത്തിൽ നിന്ന് ശസ്ത്രക്രിയ ഇല്ലാതെ ഹൃദയവാൽവ് മാറ്റിവെക്കാൻ സാധിക്കുന്ന കാലത്തിലേക്കുള്ള മാറ്റം അവിശ്വസനീയതകളുടേത് കൂടിയാണ്.
എന്താണ് ടാവി?
ഹൃദയവാൽവുകൾ
ഹൃദയത്തിന്റെ പ്രവർത്തനത്തെ ഏറ്റവും നിർണ്ണായകമായി സ്വാധീനിക്കുന്നവയാണ് ഹൃദയവാൽവുകൾ. പ്രധാനമായും നാല് വാൽവുകളാണ് ഹൃദയത്തിനുള്ളത്. വലത് വശത്ത് രണ്ടും ഇടത് വശത്ത് രണ്ടുമായാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഹൃദയത്തിൽ നിന്ന് പുറത്തേക്കും തിരിച്ചുമുള്ള രക്തപ്രവാഹത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിർത്തുക എന്നതാണ് ഹൃദയ വാൽവുകളുടെ പ്രധാന ധർമ്മം. സ്വാഭാവികമായും ഹൃദയവാൽവുകൾക്ക് തകരാർ സംഭവിച്ചാൽ ഹൃദയത്തിന്റെ രക്തചംക്രമണ വ്യവസ്ഥയുടെ നിയന്ത്രണം പൂർണ്ണമായി താളം തെറ്റുകയും ഗൗരവതരമായ പ്രത്യാഘാതത്തിൻ കാരണമാവുകയും ചെയ്യുന്നു.
ചെറിയ രീതിയിലുള്ള തടസ്സങ്ങളാണ് വാൽവിനുള്ളതെങ്കിൽ മരുന്നുകളുടെ ഉപയോഗത്തിലൂടെ ഇത് നിയന്ത്രിച്ച് നിർത്താനും സങ്കീർണ്ണമാകാതെ തടയുവാനും സാധിക്കും. എന്നാൽ വാൽവിലെ തടസ്സമോ ലീക്കേജോ അനിയന്ത്രിതമായി അധികരിച്ചാൽ വാൽവ് മാറ്റിവെക്കൽ അനിവാര്യമായി മാറും
ടാവിയുടെ പ്രാധാന്യം
ഇത്തരത്തിൽ വാൽവ് മാറ്റിവെക്കേണ്ട അവസ്ഥ നിർദേശിക്കപ്പെട്ട് കഴിഞ്ഞാൽ ഏതാനും നാളുകൾക്ക് മുൻപ് വരെ ചെയ്തിരുന്നത് നെഞ്ചിന്റെ മാധ്യഭാഗം നെടുനീളെ കീറിമുറിച്ച് അതിലൂടെ ഹൃദയം തുറന്ന് നിലവിലെ വാൽവ് എടുത്ത് മാറ്റി ആ സ്ഥാനത്ത് മറ്റൊരുവാൽവ് സ്ഥാപിച്ച് തുന്നിച്ചേർത്ത് പിടിപ്പിച്ച ശേഷം ഈ മുറിവുകൾ അടച്ച് പുറത്തേക്ക് വരിക എന്ന രീതിയായിരുന്നു. അതി സങ്കീർണ്ണമായ ശസ്ത്രക്രിയാ രീതിയായിരുന്നു ഇത്.
എന്നാൽ സങ്കീർണ്ണമായ ഈ രീതിക്ക് പകരമായി അയോട്ടിക് വാൽവ് എന്ന് പറയുന്ന ഹൃദയത്തിന്റെ പ്രധാന വാൽവിനെ ബാധിക്കുന്ന തടസ്സങ്ങളിൽ കാലിന്റെ ഉള്ളിലൂടെ ഒരു നേർത്ത ട്യൂബ് കടത്തിയ ശേഷം വളരെ ചുരുക്കി വെച്ചിരിക്കുന്ന ഒരു കൃത്രിമ വാൽവ് ആ ട്യൂബിലൂടെ കൊണ്ടുപോയി യഥാർഥ വാൽവിന്റെ ഉള്ളിലെത്തിച്ച ശേഷം ആവശ്യമായ രീതിയിൽ വികസിപ്പിച്ച് വാൽവിന്റെ തകരാർ മാറ്റുവാൻ സാധിക്കുന്നു. ഈ രീതിയെയാണ് ടാവി എന്ന് പറയുന്നത്.
ശസ്ത്രക്രിയ ആവശ്യമില്ല എന്നത് തന്നെയാണ് ടാവിയുടെ ഏറ്റവും വലിയ സവിശേഷത. പ്രൊസീജ്യർ കഴിഞ്ഞ ശേഷം ആരോഗ്യനില പരിഗണിച്ച് വളരെ പെട്ടെന്ന് തന്നെ രോഗിയെ ഡിസ്ചാർജ്ജ് ചെയ്യാനും സാധിക്കുന്നു. ആദ്യകാലത്ത് ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാതിരുന്ന രോഗികൾക്ക് മാത്രമായി ചെയ്തിരുന്ന പ്രൊസീജ്യറായിരുന്നു ടാവി എന്നത്. അതായത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്, ഹാർട്ടിന്റെ പമ്പിങ്ങ് വളരെ കുറവാണ്, പ്രായം അധികമാണ്, തുടങ്ങിയ പലവിധ പ്രശ്നങ്ങളാൽ തുറന്നുള്ള ശസ്ത്രക്രിയ നിർവ്വഹിക്കാൻ സാധിക്കാതെ വരുന്നവരായിരുന്നു ടാവിക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ കാലക്രമേണ സംഭവിച്ച നൂതനമായ ശൈലികളുടേയും രീതികളുടേയും മറ്റും ഭാഗമായി ശസ്ത്രക്രിയ നടത്തുവാൻ സാധിക്കുന്നവർക്ക് പോലും കൂടുതൽ മികച്ച രീതിയിലുള്ള ഫലപ്രാപ്തിക്ക് അനുയോജ്യമായത് ടാവി ആണ് എന്ന രീതിയിലേക്ക് കാര്യങ്ങൾ പുരോഗമിച്ചിരിക്കുന്നു.
പൂർണ്ണമായ അനസ്തേഷ്യ ആവശ്യമില്ല എന്നതും തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് മുറിവുകളും മറ്റും ഇല്ലാത്തതിനാൽ വേഗത്തിൽ തന്നെ രോഗവിമുക്തി നേടാമെന്നുള്ളതും സങ്കീർണ്ണതയ്ക്കുള്ള സാധ്യത ശസ്ത്രക്രിയയെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതും ടാവിയുടെ മറ്റ് നേട്ടങ്ങളാണ്.
(കോട്ടക്കൽ ആസ്റ്റർ മിംസിലെ ചീഫ് കൺസൽട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റാണ് ലേഖകൻ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍