കൊടുവള്ളിയിലെ കൊട്ടേഷന്‍ വിവാദത്തിന് വഴിത്തിരിവ്; താന്‍ പറഞ്ഞത് കളവായിരുന്നുവെന്ന് കോഴിശ്ശേരി മജീദ്
കൊടുവള്ളി: സി പി എം നേതാവ് കെ ബാബുവിനെ കൊലപ്പെടുത്താന്‍ മുസ്ലിംലീഗ് നേതാക്കള്‍ കൊട്ടേഷന്‍ നല്‍കിയെന്ന വെളിപ്പെടുത്തല്‍ പുതിയ വഴിത്തിരിവില്‍. കൊടി സുനി അടക്കമുള്ളവരുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രീയ സംരക്ഷണം ലഭിക്കാന്‍ താന്‍ കളവ് പറഞ്ഞതാണെന്ന് യൂത്ത് ലീഗ് നേതാവായിരുന്ന കോഴിശ്ശേരി മജീദിന്റെ പുതിയ വെളിപ്പെടുത്തല്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്ന അബൂബക്കര്‍ സിദ്ദീഖിന്റെ സ്വാഭാവിക മരണം കൊലപാതകമാക്കി ചിത്രീകരിക്കുകയും അതിന്റെ പേരില്‍ സി പി ഐ എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗമായ കെ ബാബുവിനെ വധിക്കാന്‍ മുസ്ലിംലീഗ് നേതാക്കള്‍ കൊട്ടേഷന്‍ നല്‍കുകയും ചെയ്തുവെന്നായിരുന്നു മജീദ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത്.

ജൂണ്‍ 25 നാണ് വാര്‍ത്താ സമ്മേളനം വിളിച്ച് കോഴിശ്ശേരി മജീദ് മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മുസ്ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ പ്രസിഡണ്ട് വി കെ അബ്ദുഹാജി, ജനറല്‍ സെക്രട്ടറി കെ.കെ.എ. കാദര്‍, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.നസീഫ് എന്നിവര്‍ ചേര്‍ന്ന് കൊയിലാണ്ടി സ്വദേശിക്ക് കൊട്ടേഷന്‍ നല്‍കിയെന്നായിരുന്നു ആരോപണം. അഡ്വാന്‍സ് നല്‍കിയെങ്കിലും ഡമ്മി പ്രതികളെ ഹാജറാക്കാന്‍ മുസ്ലിംലീഗ് നേതൃത്വത്തിന് കഴിയാതിരുന്നതിനാല്‍ പദ്ധതി നടപ്പിലായില്ലെന്നും മജീദ് പറഞ്ഞിരുന്നു. ഇതു പ്രകാരം കെ ബാബു കൊടുവള്ളി പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രാധമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്് കോഴിശ്ശേരി മജീദിന്റെ കളം മാറ്റം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരില്‍ കൊടിസുനി ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി നിലവിലുണ്ടെന്നും രാഷ്ട്രീയ സംരക്ഷണത്തിനാണ് താന്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ കൊട്ടേഷന്‍ ആരോപണം ഉന്നയിച്ചതെന്നുമാണ് മജീദിന്റെ വാദം.
മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കണമെന്ന എല്‍ ഡി എഫ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ പറഞ്ഞത്. തെറ്റിദ്ധാരണയുടെ പേരില്‍ മുസ്ലിംലീഗ് എനിക്കെതിരെ നടപടി എടുത്തു. ഇതില്‍ പ്രയാസം ഉണ്ടായി. ഇപ്പോള്‍ കൊടുവള്ളിയില്‍ രാഷ്ട്രീയ സംഘത്തിന് ഇത് കാരണമാവുന്നുവെന്നും ഇതിനാലാണ് സത്യം തുറന്ന് പറയുന്നതെന്നും കോഴിശ്ശേരി മജീദ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍