കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്, ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചയാള്‍ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

കൊട്ടിയം : കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചയാൾ ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തി മരിച്ചു. പള്ളിമൺ കാഞ്ഞിരത്തിങ്കൽ രഘുസദനത്തിൽ രഘുനാഥൻ പിള്ള(55)യാണ് മരിച്ചത്. ലൈസൻസില്ലാതെ ബൈക്കോടിച്ച് അപകടത്തിൽപ്പെട്ട് സഹയാത്രികൻ മരിച്ച കേസിൽ കോടതിയിൽ ഹാജരാകാൻ രഘുനാഥൻ പിള്ളയ്ക്ക് സമൻസ് ലഭിച്ചിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

വീട്ടുകാരെ മുറിക്കുള്ളിലാക്കി കതകടച്ചശേഷം മുറ്റത്തിറങ്ങി ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. മലേവയൽ മേലേവിള പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു.

മൂന്നുവർഷംമുൻപ് രഘുനാഥൻ പിള്ള ഓടിച്ച ബൈക്ക് മറിഞ്ഞ് പിൻസീറ്റിലിരുന്ന ബന്ധു മരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ ഒരാഴ്ചമുൻപ് സമൻസ് ലഭിച്ചു. അന്നുമുതൽ അദ്ദേഹം ദുഃഖിതനായിരുന്നെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച മൃതദേഹപരിശോധനയ്ക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രമണി അമ്മ. മക്കൾ: രശ്മി, രേഷ്മ. മരുമക്കൾ: അഭിലാഷ്, അജീഷ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍