ജലാശയങ്ങളില്‍ ഇനി വരാലും മഞ്ഞക്കൂരിയും വളരും; 27 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കും
ഹാച്ചറികളിൽ മഞ്ഞക്കൂരി, കുയിൽമത്സ്യം, വരാൽ, തൂളിമീൻ, ചെങ്കണിയാൻ, കരിമീൻ തുടങ്ങിയവയുടെ 27,45,230 മത്സ്യക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനാണ് തീരുമാനം. ഇതിനുപുറമേ, തിരഞ്ഞെടുത്ത 100 ജലാശയങ്ങളിൽ ആറ്റുകൊഞ്ച്, കാരച്ചെമ്മീൻ, നാരൻ ചെമ്മീൻ, കാർപ്പ്, പൂമീൻ തുടങ്ങിയവയുടെ 370 ലക്ഷം മത്സ്യ-ചെമ്മീൻ കുഞ്ഞുങ്ങളെയും വളർത്തും.
കരിമീൻ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കായി പ്രത്യേക മത്സ്യസംരക്ഷണമേഖലയും ഒരുക്കും. മിതമായ ജലമൊഴുക്കുള്ളതും ഒരുമീറ്റർ ആഴമുള്ളതും ലവണത്വം നിശ്ചിതപരിധിയിലുള്ളതുമായ സ്ഥലങ്ങൾ കണ്ടെത്തിയാണ് സംരക്ഷണമേഖല ഒരുക്കുന്നത്. ഇവിടെ മത്സ്യബന്ധനം പൂർണമായും നിരോധിക്കും.
കേരളത്തിലെ ജലാശയങ്ങളിൽ തദ്ദേശീയ മത്സ്യങ്ങൾക്ക് ഭീഷണിയായി വിദേശയിനം മത്സ്യങ്ങളും ജീവികളും പെരുകുന്നതായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
തിലോപ്പിയ, ആഫ്രിക്കൻ മുഷി, പിരാന, ചെഞ്ചെവിയൻ ആമ, ആഫ്രിക്കൻ ഒച്ച് മുതലായവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇവയെ പിടികൂടി നീക്കാനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ട്. ഇതിനുപുറമേയാണ് തദ്ദേശ മത്സ്യങ്ങളുടെ സംരക്ഷണത്തിനായുള്ള നടപടി.2021-22 സാമ്പത്തികവർഷം റിസർവോയർ ഫിഷറീസ് പദ്ധതിയുടെ ഭാഗമായി ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ എട്ട് അണക്കെട്ടുകളിൽ വരാൽ, കാർപ്പ്, കുയിൽ മത്സ്യം തുടങ്ങിയ മത്സ്യങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി തുടങ്ങിയതായും അധികൃതർ പറഞ്ഞു. അഷ്ടമുടി, വേമ്പനാട് കായലുകളിൽ കറുത്ത കക്കയുടെ സംരക്ഷണത്തിനായി 17 സംരക്ഷിത പ്രദേശങ്ങളും ഒരുക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍