മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക പ്രവർത്തനക്ഷമം, പരീക്ഷണം വിജയകരമെന്ന്‌ എൻ‌വൈയു ലാംഗോൺ ഹെൽത്ത്


മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവെച്ച് ന്യൂയോർക്കിലെ എൻ‌വൈയു ലാംഗോൺ ഹെൽത്ത്. വൃക്കദാതാവായ പന്നിയുടെ ജീനുകളിൽ മാറ്റം വരുത്തിയതിനാൽ സ്വീകർത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 

മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽ ആണ് വൃക്ക മാറ്റിവെക്കൽ പരീക്ഷിച്ചത്. അദ്ദേഹത്തിന്റെ വൃക്കയും പ്രവർത്തനരഹിതമെന്നുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റുന്നതിന് മുൻപായി ഇത്തരമൊരു പരീക്ഷണത്തിന് ആ വ്യക്തിയുടെ കുടുംബം പരിപൂർണ്ണ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

പുതിയ വൃക്ക സ്വീകർത്താവിന്റെ രക്തക്കുഴലുകളിലേക്ക് ഘടിപ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ശരീരത്തിന് പുറത്ത് വെച്ചു നിരീക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം ഇത്തരത്തിൽ നിരീക്ഷണം നടത്തിയതിൽ നിന്നും മാറ്റിവെച്ച വൃക്കയുടെ പ്രവർത്തന ഫലങ്ങൾ “വളരെ സാധാരണമെന്നുള്ള നിഗമനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. 

വൃക്ക മാറ്റിവെക്കും മുൻപ് സ്വീകർത്താവിന്റെ ക്രിയേറ്റിനിൻ നില അസാധാരണമായിരുന്നു. ഇത് വൃക്കകളുടെ പ്രവർത്തനം മോശമായതിന്റെ സൂചനയാണ് നൽകുന്നത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ക്രിയേറ്റിനിൻ നില സാധാരണ നിലയിലാവുകയായിരുന്നു എന്ന് പഠനത്തിന് നേതൃത്വം നൽകിയ ട്രാൻസ്പ്ലാൻറ് സർജൻ ഡോ. റോബർട്ട് മോണ്ട്ഗോമറി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍