മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി; വയനാട്ടിൽ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലകളിൽ വീണ്ടും മഴ ശക്തമായി. ഇന്ന് വൈകുന്നേരത്തോടെയാണ് മഴ വീണ്ടും കനത്തത്. പാലക്കാട് മംഗലം ഡാമിന് സമീപത്തും മലപ്പുറം പെരിന്തൽമണ്ണയിലും ഉരുൾപൊട്ടി. മലപ്പുറത്ത് അറുപതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറത്തും വയനാട്ടിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇടുക്കി ഹൈറെഞ്ചിൽ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. നെടുങ്കണ്ടം, കട്ടപ്പന, കാഞ്ചിയാർ, ഇരട്ടയാർ പ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ട്. ശക്തമായ ഇടിയോട് കൂടിയാണ് മഴ പെയ്യുന്നത്. അതിരപ്പിള്ളി വനമേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ , മീനങ്ങാടി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് വെെകിട്ടോടെ മഴ ശക്തമായത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു. പെരിങ്ങൽക്കുത്ത് ഡാമിലും വ്യഷ്ടി പ്രദേശങ്ങളിലും മഴയില്ല. അതേസമയം തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍