'കേരളം ഇരുട്ടിലാവില്ല'; ക്ഷാമം പരിഹരിക്കാന്‍ അധിക വിലക്ക് വൈദ്യുതി വാങ്ങാന്‍ ധാരണ


തിരുവനന്തപുരം: ഒക്ടോബര്‍ 19 വരെ സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗും പവര്‍ക്കട്ടും ഉണ്ടാകില്ല. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. പകരം പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഒക്ടോബര്‍ 19 ന് ശേഷം തല്‍സ്ഥിതി വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. കല്‍ക്കരി ക്ഷാമം പരിഹരിക്കുമെന്ന കേന്ദ്ര ഊര്‍ജ്ജമന്ത്രിയുടെ ഉറപ്പിലാണ് തല്‍ക്കാലം പവര്‍കട്ടും ലോഡ്‌ഷെഡിംഗും വേണ്ടെന്ന് സംസ്ഥാനം തീരുമാനിക്കുന്നതെന്നും അധികവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരുമെന്നതിനാല്‍ ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തി മുന്നോട്ടുപോകാമെന്നുമാണ് ധാരണ.


പ്രതിദിനം 3800 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന്റെ കേരളത്തിന്റെ ശരാശരി ഉപഭോഗം. ഇതില്‍ 2200 മെഗാവാട്ടും സംസ്ഥാനത്തിന് പുറത്തുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് വാങ്ങിയിരുന്നത്. 72.23 ദശലക്ഷം യൂണിറ്റ് ആവശ്യമുള്ളപ്പോള്‍ ഉല്‍പാദനം 34.48 ദശ ലക്ഷം മാത്രമാണ്.

എന്നാല്‍ രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നതോടെയുണ്ടാകുന്ന വൈദ്യുത പ്രതിസന്ധിയില്‍ പ്രതിദിനം 1800 മുതല്‍ 1900 മെഗാവാട്ട് വരെയായി ലഭ്യത കുറയും. 300 മുതല്‍ 400 മെഗാവട്ട് വരെയാണ് ഇതോടെ കുറവുണ്ടാകുന്നത്.  കേന്ദ്ര വിഹിതം കുറയുന്നത് തുടർന്നാല്‍ ലോഡ് ഷെഡിങ്ങിന് നിര്‍ബന്ധിതമാക്കുമെന്ന് നേരത്തെ കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍