ജാനകിക്കാട് കൂട്ടബലാത്സംഗം; ഒരാള്‍ കൂടി അറസ്റ്റില്‍


കുറ്റ്യാടി: ജാനകിക്കാട് പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായക്കൊടി സ്വദേശി മര്‍വ്വിനാണ് അറസ്റ്റിലായത്. പുഴയില്‍ കുളിക്കാനെത്തിയ പെണ്‍കുട്ടിയെ മര്‍വ്വിനും മറ്റൊരു രാഹുലും ചേര്‍ന്നാണ് പീഡിപ്പിച്ചത്. മര്‍വ്വിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16നാണ് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി രണ്ടാം തവണ പീഡനത്തിനിരയായത്. ഈ കേസിലാണ് മര്‍വ്വിന്റെ അറസ്റ്റ്. വ്യാഴാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടുപ്രതി രാഹുലിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ പൊലീസും വനിതാശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കിവരികയാണ്. സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പോക്‌സോ കേസ് ചുമത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കോഴിക്കോട് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കും.

നാദാപുരം എ എസ് പിയാണ് ആദ്യം നടന്ന കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നത്. പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസ് പേരാമ്പ്ര ഡി വൈ എസ് പിയാണ് അന്വേഷിക്കുന്നത്. ഈ മാസം മൂന്നിനാണ് പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. കുറ്റ്യാടി സ്വദേശിയായ 17കാരിയാണ് പരാതിക്കാരി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍