കിനാലൂരിൽ എയിംസ്: പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ.
ബാലുശ്ശേരി: കേരളത്തിന് കേന്ദ്രം എയിംസ് അനുവദിക്കുകയാണെങ്കിൽ കോഴിക്കോട് കിനാലൂരിലായിരിക്കും ആരംഭിക്കുക എന്ന സംസ്ഥാന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനവും ഘട്ടംഘട്ടമായി എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കുമെന്ന കേന്ദ്ര സർക്കാർ നിലപാടും നാട്ടുകാരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.
സംസ്ഥാന സർക്കാർ കണ്ടെത്തുന്ന അനുയോജ്യമായ സ്ഥലത്ത് എയിംസ് അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് എൽ. മാണ്ഡവ്യയിൽനിന്ന് മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.
കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ കിനാലൂരിലായിരിക്കുമെന്ന് സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കിനാലൂരിൽ കെ.എസ്. ഐ.ഡി.സി.യുടെ പക്കലുള്ള 200 ഏക്കർ ഭൂമിയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂലായിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലും ഓഗസ്റ്റിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകന്റെ നേതൃത്വത്തിലും പിന്നീട് ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഗൊബ്രഗഡയുടെ നേതൃത്വത്തിലും ആരോഗ്യമേഖലയിലെ ഉന്നതോദ്യോഗസ്ഥർ കിനാലൂരിലെത്തി സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ട് സംസ്ഥാനം കേന്ദ്ര ആരോഗ്യവകുപ്പിന് സമർപ്പിക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് തത്ത്വത്തിൽ എയിംസ് അനുവദിക്കാൻ അംഗീകാരം നൽകാൻ ധന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.എസ്.ഐ.ഡി.സി. യുടെ പക്കലുള്ള 200 ഏക്കർ എയിംസിനായി വിട്ടുനൽകാമെന്ന് കേരള സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതിനകം സ്ഥലം അളന്ന് തിട്ടപ്പെടുത്തു കയുമുണ്ടായി. കുടിവെള്ളവും റോഡുമുള്ള 200 ഏക്കർ സ്ഥലം നൽകിയാൽ എയിംസ് നൽകാമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ ആശാവഹമായ പ്രതികരണം വന്നതോടെയാണ് കിനാലൂർ വീണ്ടും ചർച്ചയായത്.
കിനാലൂരിൽ എയിംസ് വരുമെന്ന് പറഞ്ഞുകേൾക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ച് കഴിഞ്ഞിരുന്നു. അന്നെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നാൽ, കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കിനാലൂരിൽ സ്ഥലം ഏറ്റെടുപ്പും അളന്നു തിട്ടപ്പെടുത്തലും കഴിഞ്ഞു ഈ സാഹചര്യത്തിലാണ് നാട്ടിൽ എയിംസ് സംബന്ധിച്ച ചർച്ച വീണ്ടും സജീവമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍