പട്ടാമ്പി: പാലക്കാട്ട് പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നാൽപ്പത്തിയേഴുകാരന് 46 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി കാട്ടിരിക്കുന്നത്ത് വീട്ടിൽ ആനന്ദിനെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സതീഷ്കുമാർ ശിക്ഷ വിധിച്ചത്. 2018-ലാണ് കേസിന് ആസ്പദമായ സംഭവം.

കുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് പോക്സോ പ്രകാരമാണ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. അന്നത്തെ ചെർപ്പുളശ്ശേരി സർക്കിൾ ഇൻസ്പെക്ടർമാരായ ദീപകുമാർ, മനോഹരൻ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രി സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. നിഷ ഹാജരായി. കേസിന്റെ വാദത്തിനായി 15 സാക്ഷികളെയാണ് വിസ്തരിച്ചത്. 19 രേഖകളും കോടതിയിൽ ഹാജരാക്കി. പിഴത്തുക ഇരയ്ക്ക് വിട്ടുനൽകാൻ കോടതി നിർദേശിച്ചു.

വീട്ടിൽ അതിക്രമിച്ചു കയറിയതിന് ആറ് കൊല്ലവും 50,000 രൂപ പിഴയും, പോക്സോ കേസിൽ രണ്ട് വകുപ്പുകൾ പ്രകാരം 20 വർഷവും 50,000 രൂപ പിഴയും, പോക്സോ കേസ്സിൽ തന്നെ കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷവും 50000 രൂപ പിഴയും അടക്കമാണ് 46 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും പ്രതിക്ക് കോടതി വിധിച്ചത്.

പിഴയടച്ചില്ലെങ്കിൽ മൂന്നു വർഷം കൂടി അധിക തടവ് അനുഭവിക്കണം. ഇതിന് പുറമെ ലീഗൽ അതോറിറ്റി മുഖേന ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി നിർദേശമുണ്ട്.