50 ലക്ഷം നഷ്ടപരിഹാരം വേണം; പിങ്ക് പൊലീസിനെതിരെ കുട്ടിയുടെ ഹർജി


തിരുവനന്തപുരം • മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 8 വയസ്സുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പൊതുറോഡിൽ വിചാരണ നടത്തിയ സംഭവത്തിൽ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത കുറ്റത്തിനു തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി വേണമെന്നാണു ഹർജിയിലെ ആവശ്യം.

ഉദ്യോഗസ്ഥയായ രജിത പൊതുജനം നോക്കിനിൽക്കെ തന്നെ ‘കള്ളി’ എന്നു വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധിച്ചു. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാൻഡ്ബാഗിൽ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്കെതിരെ ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല. ഉദ്യോഗസ്ഥയെ അവർക്ക് താൽപര്യമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. തനിക്ക് ഉണ്ടായ മാനസികാഘാതത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും പെൺകുട്ടി ഹർജിയിൽ ആവശ്യപ്പെട്ടു.