കെഎസ്ആര്‍ടിസി പണിമുടക്ക്; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
കെഎസ്ആര്‍ടിസി ബസ് പണി മുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. വെള്ളിയും ശനിയും ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. യൂണിയനുകള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രതികരണം. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് അര്‍ധരാത്രി മുതലാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്. പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. ശമ്പള പരിഷ്‌കരണത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. ഭരണപക്ഷ തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിഇഎ യും പണിമുടക്കിനെ പിന്തുണയ്ക്കും. അതേസമയം, ആവശ്യങ്ങള്‍ നിരാകരിച്ചിട്ടില്ലെന്നും സാവകാശം ചോദിച്ചപ്പോഴാണ് പണിമുടക്കുമായി യൂണിയനുകള്‍ മുന്നോട്ട് പോയതെന്നും ഗതാഗത മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ശമ്പള സ്‌കെയില്‍ അംഗീകരിച്ചാല്‍, ഇതിനായി പ്രതിമാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍