കാനത്തില്‍ ജമീല രാജിവെച്ച ഒഴിവിലേക്ക് കെകെ ലതിക മത്സരിച്ചേക്കും; ഉണ്ണിക്കുളം നിര്‍ണായകം
കോഴിക്കോട് : കാനത്തിൽ ജമീലയും ലിന്റോ ജോസഫും തദ്ദേശ അംഗത്വം രാജിവെച്ച വാര്‍ഡുകളിലേക്ക് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പൊരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട ഡിവിഷന്‍, കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ്, ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തില്‍ ജമീല മത്സരിച്ചു ജയിച്ച നന്മണ്ട ഡിവിഷനില്‍ നിന്നും മുതിര്‍ന്ന വനിതാ നേതാവിനെ വിജയിപ്പിക്കണമെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം. മുന്‍ എംഎല്‍എ കെകെ ലതിക, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പുഷ്പജ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. സതീദേവിയുടെ പേരും ഒരു ഘട്ടത്തില്‍ ഉയര്‍ന്നെങ്കിലും വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റതോടെ ഇനി മത്സരിച്ചേക്കില്ല.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ടായ ലിന്റോ ജോസഫ് തിരുവമ്പാടിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൂമ്പാറ വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.ഉണ്ണികുളം പഞ്ചായത്തിലെ യുഡിഎഫ് അംഗമായ ഇ.ഗംഗാധരന്‍ മരിച്ചതിനെത്തുടര്‍ന്നാണ് വള്ളിയോത്ത് വാര്‍ഡില്‍ ഒഴിവ് വന്നത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഉണ്ണിക്കുളം പഞ്ചായത്ത് ലഭിച്ചത്.
23 വാര്‍ഡുകളില്‍ യുഡിഎഫ്10, എല്‍ഡിഎഫ്10, ബിജെപി3 സീറ്റുകളിലാണ് വിജയിച്ചത്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനും ലഭിച്ചു. യുഡിഎഫ് അംഗം മരിച്ചതോടെ കക്ഷിനില യുഡിഎഫ്9, എല്‍ഡിഎഫ്10 എന്നായി. ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്ന മുന്നണിക്കാകും ഉണ്ണികുളം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം.
ഈ വാര്‍ഡുകളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ 5 മുതല്‍ 8 വരെ പേരു ചേര്‍ക്കാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ഈ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള വോട്ടര്‍പട്ടിക 17ന് പ്രസിദ്ധീകരിക്കും. ഇതിനു ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍