ഒന്നുകിൽ എല്ലാവർക്കും ഒരുമിച്ച് രക്ഷപ്പെടാം, അല്ലെങ്കിൽ ഒരുമിച്ച് കഷ്ടപ്പെടാം; ഒമിക്രോൺ നൽകുന്ന മുന്നറിയിപ്പുകൾ
കൊറോണ വൈറസിന്റെ അപകടകാരിയായ അഞ്ചാമത്തെ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യങ്ങൾ അതിർത്തി നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വിമാന യാത്രാ നിയന്ത്രണം, ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനം, പ്രവേശന വിലക്ക് തുടങ്ങിയ നിയന്ത്രണങ്ങൾ ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ,യുഎഇ തുടങ്ങി നിരവധി രാജ്യങ്ങൾ വീണ്ടും കൊണ്ടു വരികയാണ്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ പര്യാപ്തമല്ലെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഇതിന് കാരണങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.
യാത്രാ നിയന്ത്രണങ്ങൾക്കപ്പുറം വാക്സിനേഷനാണ് പരമപ്രധാനമെന്ന് സൗത്ത് ആഫ്രിക്കയിലെ പകർച്ചവ്യാധി വിദഗ്ധൻ റിച്ചാർഡ് ലെസ്സൽ പറയുന്നു. വികസിത രാജ്യങ്ങൾ പെട്ടന്നു തങ്ങളുടെ വാക്സിനേഷൻ പൂർത്തിയാക്കിയതു കൊണ്ട് മാത്രം കാര്യമില്ല. ആവശ്യത്തിന് വാക്സിൻ ഡോസുകൾ ലഭിക്കാത്ത രാജ്യങ്ങളിൽ ഇവയെത്തിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറയുന്നു.
മതിയായ വാക്സിനേഷൻ നടക്കാത്തിടത്ത് കൊറോണ വൈറസ് നിരന്തരമായി പരിണമിച്ചു കൊണ്ടിരിക്കും. കൂടുതൽ പ്രഹരശേഷിയുണ്ടാവുന്ന ഈ വകഭേദം പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും വാക്സിനേഷൻ പൂർണമായ രാജ്യങ്ങളിലുൾപ്പെടെ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യും.
കണക്കുകൾ നോക്കുകയാണെങ്കിൽ സാമ്പത്തില്ലാത്ത രാജ്യങ്ങളിലെ 7 ശതമാനം ജനങ്ങൾ മാത്രമാണ് ആദ്യ ഡോസ് കൊവിഡ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സമ്പത്തുള്ള രാജ്യങ്ങളിലാവട്ടെ രണ്ട് ഡോസ് വാക്സിനേഷനും പൂർത്തിയായി, അതിനു ശേഷം ബൂസ്റ്റർ ഡോസുകൾ നൽകുകയാണ്. ആദ്യ ഡോസ് വാക്സിനുകൾ പോലും പൂർണമാവാത്ത രാജ്യങ്ങൾക്ക് വാക്സിൻ നൽകാതെയാണ് ബൂസ്റ്റർ ഡോസുകളിലേക്ക് വികസിത രാജ്യങ്ങൾ തിരിയുന്നത്. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവയെല്ലാം ബൂസ്റ്റർ ഷോട്ടുകൾ പരിഗണിക്കുന്നുണ്ട്.
പക്ഷെ എത്ര ബൂസ്റ്റർ ഡോസ് നൽകിയാലും വാക്സിനേഷൻ പൂർണമാവാത്ത രാജ്യങ്ങളിൽ കൊറോണ വൈറസ് വിലസുകയും പുതിയ വകഭേദങ്ങളുമായി വരികയും ചെയ്യും. ഉദാഹരണത്തിന് നിലവിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സൗത്ത് ആഫ്രിക്കയുൾപ്പെടെയുള്ള ആഫ്രിക്കൻ മേഖലയിൽ ജനസംഖ്യയുടെ നാല് ശതമാനം മാത്രമാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. വാക്സിനേഷൻ വിജയകരമായി പൂർത്തീകരിച്ച ഇസ്രായേലിൽ ബൂസ്റ്റർ ഡോസുകൾ സംഭരിക്കുകയാണ് ഇസ്രായേൽ. പക്ഷെ ഒമിക്രോൺ ഇപ്പോൾ ഇസ്രായേലിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതു പോലെ തന്നെ ബെൽജിയം, ബെൽജിയം, ഹോങ് കോങ്, തുടങ്ങിയങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഫലത്തിൽ സൗത്ത് ആഫ്രിക്കയിലെ വാക്സിനേഷൻ അഭാവം വാക്സിനേഷൻ ചെയ്ത രാജ്യങ്ങളെയും ബാധിച്ചിരിക്കുന്നു. അതിനാൽ തന്നെ ഒറ്റയ്ക്ക് ഒരു രാജ്യത്തിന് കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പരസ്പരം സഹായിച്ചേ മതിയാവൂയെന്നും വിദഗ്ധർ പറയുന്നു.
കൂടുതൽ വ്യാപനശേഷി, കൊവിഡ് നേരത്തെ വന്നവരെ വീണ്ടും ബാധിക്കാനുള്ള സാധ്യത, വാക്സിൻ പ്രതിരോധത്തെ കവച്ചു വെക്കാനുള്ള ശേഷി എന്നിവയാണ് ഒമിക്രോണിനെ അപകടകാരിയാക്കുന്നത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത് പ്രകാരം ഒമിക്രോണിലെ പ്രോട്ടീൻ ഘടകം നിലവിലെ കൊറോണ വൈറസിൽ നിന്നും വളരെയധികം വ്യത്യസ്തമാണ്. നിലവിലെ കൊറോണ വൈറസിന്റെ ഘടനയ്ക്കനുസരിച്ചാണ് പ്രതിരോധ വാക്സിനുകൾ നിർമ്മിച്ചിരിക്കുന്നതും. ഇതാണ് ആശങ്കയുണ്ടാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍