പ്രണയത്തർക്കം; കൂട്ടുകാരിയുടെ വീട് വിദ്യാർഥിനിയും സംഘവും ആക്രമിച്ച് സ്ഫോടകവസ്തു എറിഞ്ഞു പ്രതികൾ അറസ്റ്റിൽ
അറസ്റ്റിലായ ജിബിൻ രാഹുൽ, സുധീഷ്, കൃഷ്ണകുമാർ
കടുത്തുരുത്തി • പ്രണയത്തർക്കത്തിന്റെ പേരിൽ കൂട്ടുകാരിയുടെ വീട്ടിൽ ആക്രമണം നടത്തിയ സംഭവത്തിൽ വിദ്യാർഥിനിയും സുഹൃത്തുക്കളും അടക്കം നാലു പേർ അറസ്റ്റിലായി. പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർഥി, സുഹൃത്ത് കുറിച്ചി ഇത്തിത്താനം പുതുവേലിൽ എണ്ണക്കച്ചിറ ജിബിൻ രാഹുൽ (21), ജിബിന്റെ സുഹൃത്തുക്കളായ കുറിച്ചി ഫ്രഞ്ച് മുക്ക് കൊച്ചുപറമ്പിൽ സുധീഷ് സുഗതൻ (23), മാമ്മൂട് മാടപ്പള്ളി പഴത്തോട്ടത്തിൽ കൃഷ്ണകുമാർ രാമകൃഷ്ണൻ (രാഹുൽ –26) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാർഥിനിയെ ജുവനൈൽ കോടതിയിലും സുഹൃത്തുക്കളെ കോടതിയിലും ഹാജരാക്കുമെന്ന് എസ്എച്ച്ഒ കെ.ജെ. തോമസ് അറിയിച്ചു. സംഘാംഗമായ മാമ്മൂട് സ്വദേശി ഷിബിൻ (26) ഒളിവിലാണ്. അറസ്റ്റിലായ വിദ്യാർഥിനിയുടെ സുഹൃത്തായ പെൺകുട്ടിയുടെ മങ്ങാട്ടെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.
വീടു കയറി ആക്രമിച്ച സംഘം നാട്ടുകാർക്ക് നേരെ എറിഞ്ഞ സ്ഫോടക വസ്തുവിന്റെ അവശിഷ്ടം.
അറസ്റ്റിലായ പെൺകുട്ടിയുടെ സുഹൃത്താണ് ജിബിൻ. ജിബിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നു മങ്ങാട് സ്വദേശി വിദ്യാർഥിനി സുഹൃത്തുക്കളോടു പറഞ്ഞെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി 8.30നാണു സംഭവം. പിതാവ് സാജുവിനെയും അമ്മ സുജയെയും സംഘം മർദിച്ചു. ബഹളം കേട്ട് നാട്ടുകാരെത്തി. ആക്രമണം തടുക്കാൻ ശ്രമിച്ച അയൽവാസി അശോകനെ മർദിച്ചു. നാട്ടുകാർ ഓടിയെത്തിയതോടെ സ്ഫോടക വസ്തു എറിഞ്ഞ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വിദ്യാർഥിനിയെയും രണ്ടു പേരെയും നാട്ടുകാർ തടഞ്ഞുവച്ചു. ഒരാൾ കടന്നുകളഞ്ഞു. നെഞ്ചിനു കുത്തേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തു. അശോകനെ കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കൈക്കു പരുക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. സ്ഫോടക വസ്തുവിന്റെ അവശിഷ്ടം ഫൊറൻസിക് വിദഗ്ധർ ശേഖരിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രതികൾ എത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍