'പാര്‍ട്ടി നല്‍കിയ വലിയ അംഗീകാരം'; സിപിഐഎമ്മിന്റെ ആദ്യ വനിതാ ഏരിയാ സെക്രട്ടറി പറയുന്നു
സ്ത്രീകള്‍ക്ക് പാര്‍ട്ടി നല്‍കുന്ന വലിയ അംഗീകാരമായിട്ടാണ് തനിക്ക് ലഭിച്ച ഏരിയാ സെക്രട്ടറി സ്ഥാനത്തെ കാണുന്നതെന്ന് എന്‍പി കുഞ്ഞുമോള്‍. പാര്‍ട്ടി സ്ത്രീകള്‍ക്ക് നല്‍കുന്ന ഉന്നതമായ സ്ഥാനത്തെ സൂചിപ്പിക്കുന്നതാണ് തീരുമാനം. ഏരിയാ കമ്മറ്റികളില്‍ പ്രാതിനിധ്യമുണ്ടെങ്കിലും സെക്രട്ടറി പദവിയിലേക്ക് ഇതുവരെ സ്ത്രീകളാരും എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് പാര്‍ട്ടി നല്‍കുന്ന വലിയ അംഗീകാരമായിട്ടാണ് സ്ഥാനത്തെ താന്‍ കാണുന്നതെന്ന് കുഞ്ഞുമോള്‍ മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു.
കൂടുതല്‍ സ്ത്രീകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സാഹചര്യം ഇതിലൂടെ ഉണ്ടാകുകയാണ്. കൂടുതല്‍ സ്ത്രീകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും അവരുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുമുള്ള ഇടപെടലുകള്‍ നടത്താനും കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കുഞ്ഞുമോള്‍ പറഞ്ഞു.
സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ചുകൊണ്ട് സ്ത്രീകളെ സമൂഹത്തിനെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശവുമുണ്ട്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ് സിപിഐഎം. അത്തരത്തില്‍ ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ടെന്നും തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുഞ്ഞുമോള്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ഏരിയാ സെക്രട്ടറിയാണ് കുഞ്ഞുമോള്‍. നാലുവര്‍ഷം മുന്‍പ് ആലപ്പുഴ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതലയില്‍ ജി. രാജമ്മ പ്രവര്‍ത്തിച്ചിരുന്നു.
അമ്പലവയല്‍ അത്തിച്ചാല്‍ സ്വദേശിയായ കുഞ്ഞുമോള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. വയനാട് ജില്ലാ പഞ്ചായത്തംഗമായും അമ്പലവയല്‍ സര്‍വീസ് സഹകരണബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍