ഗാർഹിക പീഡനവും സ്ത്രീകളുടെ നിയമ പരിരക്ഷയും


ഗാർഹിക പീഡനം ഒരു പെരുമാറ്റ രീതിയാണ്. കുടുംബ വ്യവസ്ഥക്കുള്ളിലും ഒരുമിച്ചുള്ള സഹവാസത്തിലും ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മുകളിൽ ശാരീരികമായോ മാനസികമായോ അധീശത്വം സ്ഥാപിക്കുന്ന ക്രിമിനൽ മാനസികാവസ്ഥയോടുകൂടിയ സ്വഭാവരീതി.എന്നാൽ നമ്മൾ ഗാർഹിക പീഡനം എന്നു കേൾക്കുമ്പോൾ ശാരീരിക അതിക്രമങ്ങളെ മാത്രം മുൻനിർത്തി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നുവെന്നതാണ് ഇതുമായി ബന്ധപ്പെട്ട സമകാലീന കേസുകൾ സൂചിപ്പിക്കുന്നത്! 

ശാരീരിക അതിക്രമങ്ങൾക്ക് പുറമെ സാമ്പത്തികമായും മതപരമായും ലൈംഗികമായും ഭാഷാപരമായും കുടുംബ ബന്ധങ്ങളിൽ ഒരാൾ മറ്റൊരാളെ കീഴ്‌പ്പെടുത്താനോ മാനസികമായി മുറിപ്പെടുത്താനോ ശ്രമിച്ചാൽ അത് ഗാർഹിക പീഡനത്തിൻ്റെ കൃത്യമായ പരിധിയിൽ വരുന്നുവെന്നതാണ് ശ്രദ്ധേയം. പലപ്പോഴും ഗാർഹിക പീഡനം കുടുംബത്തിലെ ആണധികാരത്തിൻ്റെ അധീശത്വഭാവമാണന്ന് പറയാതെ വയ്യ!

ഗാർഹിക പീഡനമെന്ന നിലയിൽ കുടുംബങ്ങളിലുണ്ടാവുന്ന അതിക്രമങ്ങൾ കോടതികളിൽ എത്തുമ്പോൾ മാത്രമാണ് പൊതുസമൂഹം ഈ വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കുന്നത് എന്നാൽ  വീടിൻ്റെ അകത്തളങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും അടിച്ചേൽപ്പിക്കപ്പെടുന്ന നിയന്ത്രണങ്ങളാൽ വീർപ്പുമുട്ടുന്ന  നിസ്സഹായതയും തൻ്റെ ഇണയിൽ നിന്നു തന്നെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങളും ജോലിക്ക് പോകുവാനോ തുടർപഠനം നടത്തുവാനോ കഴിയാതെ സംഘർഷഭരിതമായ മനസ്സോടെ ജീവിക്കുന്നതുമായ ഒട്ടേറെ അനുഭവങ്ങൾ ഈ നിയമത്തിൻ്റെ പരിധിയിലാണന്ന് സാധാരണ സമൂഹം മനസ്സിലാക്കിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം! പണ്ടൊക്കെ ഗാർഹിക പീഡനമെന്ന് കേൾക്കുമ്പോൾ നമ്മൾ കരുതിയത് ഭാര്യയെ തല്ലൽ, മദ്യപിച്ച് വന്ന് ഭാര്യയുടെ ചാരിത്ര്യ ശുദ്ധിയെ കുറിച്ച് നാട്ടുകാർ കേൾക്കെ അപവാദം വിളിച്ചു പറയൽ, കേട്ടാൽ അറപ്പുളവാക്കുന്ന തെറിവാക്ക് പറയൽ തുടങ്ങിയ കുടുംബങളിലെ ബാഹ്യ അതിക്രമങ്ങളെ കുറിച്ച് മാത്രമാണ്. എന്നാൽ മാനസികമായി മുറിവേൽക്കുന്ന വാചികമായ ഒരു പദപ്രയോഗം പോലും ഈ നിയമത്തിൻ്റെ പരിധിയിൽ വരുന്നുവെന്നത് നമ്മൾ വിസ്മരിക്കരുത്.ഗാർഹിക ബന്ധം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് രക്ത ബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാവാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ, ദത്തെടുക്കൽമൂലമുണ്ടായ ബന്ധത്തിലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ ഒരു കൂരക്ക് കീഴെ താമസിക്കുമ്പോൾ ഉണ്ടാകുന്ന ബന്ധമാണ്.

ഭീഷണിപ്പെടുത്തുക, കുടുംബത്തിൽ അവഗണിക്കപ്പെടുക, സംശയിച്ച് പിന്തുടരുക, സാമ്പത്തിക സ്രോതസ്സ് തടസ്സപ്പെടുത്തുക, ലഭിക്കുന്നവരുമാനം ഇഷ്ടമില്ലാതെ കൈപ്പറ്റുക, അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച് വീടുകളിൽ മാറ്റി നിർത്തുക, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുക, വൈദ്യസഹായം നൽകാതിരിക്കുക, ഉറങ്ങുന്നതിനോ വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ വിലക്ക് ഏർപ്പെടുത്തുക, അനുവാദമില്ലാതെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുക, ചിലവിനു നൽകാതിരിക്കുക, പ്രത്യുൽപ്പാദന നിയന്ത്രണ മേർപ്പെടുത്തുക, മനശാസ്ത്രപരമായി ഇണയെ തളർത്തുക, ശാരീരിക വൈകല്യങ്ങളും ക്ഷീണവും വക വെക്കാതെ ശാരീരികമായി ബന്ധപ്പെടുക, പ്രകൃതി വിരുദ്ധ ലൈംഗികതക്ക് പ്രേരിപ്പിക്കുക, ലഹരി പദാർത്ഥങ്ങളുപയോഗിക്കാൻ നിർബന്ധിക്കുക, ഔദ്യോഗിക പ്രവൃത്തികളെ തടസ്സപ്പെടുത്തുക, സ്വത്തുക്കൾ കൈക്കലാക്കാൻ ശ്രമിക്കുക, ഭാര്യാപിതാവിനേയോ ബന്ധുക്കളേയോ നിരന്തരമായി കുറ്റപ്പെടുത്തുക, ബന്ധുമിത്രാദികളെ കാണാൻ അനുവദിക്കാതിരിക്കുക, സൗന്ദര്യത്തെ കുറിച്ച് അധിക്ഷേപിച്ച് സംസാരിക്കുക, തൻ്റെ കുട്ടികളുടെ ഇടയിൽ വെച്ച് മോശമായി ചിത്രീകരിക്കുക, സാമൂഹ്യ ഇടപെടലുകളിൽ നിന്ന് മാറ്റി നിർത്തുക, പെൺകുട്ടികളെ മാത്രം പ്രസവിച്ചതിൻ്റെ പേരിൽ കുറ്റപ്പെടുത്തുക, ഗർഭധാരണത്തിനോ ഗർഭമലസിപ്പിക്കുന്നതിനോ ബലപ്രയോഗം നടത്തുക തുടങ്ങിയവയൊക്കെ കുടുംബ ജീവിതത്തിലെ ഗാർഹിക പീഡനത്തിനുദാഹരണങ്ങളാണെങ്കിലും പലപ്പോഴും പുറം ലോകത്തേക്ക് ഇത്തരം ബലാൽക്കാരങ്ങൾ ഇരകൾ വലിച്ചിഴക്കാറില്ലന്നതാണ് വസ്തുത. പക്ഷേ ശക്തർ ദുർബലർക്ക് മേൽ നടത്തുന്ന കടുത്ത മാനസിക ശാരീരിക അതിക്രങ്ങൾ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുമ്പോൾ മാത്രമാണ് സമൂഹത്തിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് തടയിടാൻ കഴിയുക!

അപമാന ഭയവും, കുട്ടികളുടെ സംരക്ഷണത്തിൻ്റെ വഴിയടഞ്ഞു പോവുമെന്ന ഭീതിയും ഗാർഹിക പീഡന പരാതികൾ വിവാഹമോചനത്തിലാണ് ഒടുവിൽ ചെന്നെത്തുകയെന്ന യാഥാർത്ഥ്യവും അകത്തളങ്ങളിലെ ദുരനുഭവങ്ങൾ പുറത്ത് അറിയുമ്പോഴുണ്ടാവുന്ന സമൂഹത്തിൻ്റെ തുറിച്ചു നോട്ടവും പലപ്പോഴും വീടുകളിലെ ഗാർഹിക പീഡനങ്ങൾ പുറത്ത് പറയുന്നതിൽ നിന്ന് ഇരകളെ തടഞ്ഞു നിർത്തുന്ന പ്രധാന ഘടകങ്ങളാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ അതിക്രമങ്ങൾ, ഒരുമിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാർക്കിടയിലെ സംഘർഷങ്ങൾ, പീഡനങ്ങൾ, വിവാഹ മോചിതരായതിനുശേഷവും ഒരുമിച്ചു താമസിക്കുന്ന ആളുകൾക്കിടയിലുള്ള അതിക്രമങ്ങൾ തുടങ്ങിയവയും ഗാർഹിക പീഡനത്തിൻ്റെ നിർവ്വചനത്തിൽ വരുന്നുവെന്നതാണ് ശ്രദ്ധേയം! ഒരുമിച്ചു താമസിക്കുന്ന വ്യക്തി ബന്ധങ്ങൾക്കിടയിൽ ഭയം അടിസ്ഥാനഘടകമായി മാറുന്ന ജീവിതാവസ്ഥ കൂടിയാണിത്.

മത ദേശ വർഗ്ഗ സംസ്കാര ലിംഗങ്ങൾക്കതീതമായി ലോകത്ത് എല്ലായിടത്തും ഗാർഹിക പീഡനം നടക്കുന്നുവെന്നതാണ് സത്യം. അമേരിക്കയിൽ 32 മില്യൺ ആളുകൾ ഓരോ വർഷവും ഗാർഹിക പീഡനത്തിന് വിധേയരാവുന്നുണ്ടത്ര ! എന്നാൽ അവിടെ ആറിൽ ഒരു ഭാഗം ഗാർഹിക പീഡനത്തിൻ്റെ ഇരകൾ പുരുഷന്മാരണന്നെതാണ് വിചിത്രം! ലോകത്ത് മൂന്നിൽ രണ്ടു ഭാഗം സ്ത്രീകളും ഏതെങ്കിലും വിധത്തിലുള്ള ഗാർഹിക പീഡനങ്ങൾക്ക് വിധേയരാവുന്നുണ്ടെന്നാണ് കണക്ക്!
15 വയസ്സിൻ്റെയും 50 വയസ്സിൻ്റെയും ഇടയിൽ ജീവിതത്തിലെപ്പോഴെങ്കിലും സ്ത്രികൾ മാസികമായോ ശാരീരികമായോ പീഡനങ്ങൾക്കോ മറ്റുള്ളവരുടെ നിർബന്ധങ്ങൾക്കോ വഴങ്ങേണ്ടി വരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതൽ ഗാർഹിക പീഡനങ്ങൾ നടക്കുന്നത്. 45% സ്ത്രീകൾ ഗ്രാമത്തിലും 35 % നഗരപ്രദേശങ്ങളിലും ഗാർഹിക പീഡനത്തിൻ്റെ ഇരകളാണത്ര! കൂടാതെ നമ്മുടെ രാജ്യത്ത് 8 ലക്ഷത്തിലധികം പുരുഷന്മാർ സ്ത്രീകളിൽ നിന്നുള്ള മാനസിക ലൈംഗിക ശാരീരിക അതിക്രമങ്ങൾക്ക് വിധേയമാവുന്നുവെന്നതാണ് വിചിത്രം! കൂടാതെ പുരുഷന്മാരുടെ അമിത ലഹരി ഉപയോഗങ്ങൾക്കും പരസ്ത്രീ ബന്ധങ്ങൾക്കും ആത്മഹത്യാ പ്രവണതക്കും സ്ത്രീകളിൽ നിന്നുള്ള ഗാർഹിക പീഡനങ്ങൾ കാരണമാകുന്നുവെന്നാണ് കണക്കുകൾ ബോധിപ്പിക്കുന്നത്!

ഗാർഹിക പീഡനങ്ങൾ ചിലപ്പോൾ ക്രിമിനൽ സ്വഭാവത്തിലുള്ളതും മറ്റു ചിലപ്പോൾ ക്രിമിനൽ സ്വഭാവം ആർജ്ജിക്കാൻ സാധ്യതയുള്ളതോ ആയ പ്രവർത്തനങ്ങളാണ്. ഒരാൾ തൻ്റെ ഭാര്യയെ ശാരീരികമായി ദേഹോപദ്രവം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും ക്രിമിനൽ സ്വഭാവത്തിലുള്ളതാണ് എന്നാൽ ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ അധിക്ഷേപങ്ങളും പരസ്പര സമ്മതമില്ലാതെ തന്നെയുള്ള ലൈംഗിക ഇടപെടലുമൊക്കെ ക്രിമിനൽ കുറ്റമായി ആർജ്ജിക്കാവുന്ന ഗാർഹിക അതിക്രമങ്ങളാണ്. വീടുകളിലെ പീഡനങ്ങൾ ഗർഭാവസ്ഥയിലുള്ള കുട്ടികളേയും നവജാത ശിശുക്കളേയും ബാല്യകൗമാര മനസ്സുകളെയും മനോ സംഘർഷങ്ങളിലേക്കും കുടുംബത്തിലെ സന്തോഷകരമായ അവരുടെ ഇടപെടലുകളെയും ഇല്ലാതാക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. വീടുകളിലെ നിരന്തരമായ സംഘർഷങ്ങൾ സ്നേഹ നിരാസത്തിലേക്കും വിവാഹേതര ബന്ധങ്ങളിലേക്കും ആത്മഹത്യയിലേക്കും ഒളിച്ചോട്ടത്തിലേക്കും ക്രിമിനൽ കുറ്റകൃത്യങ്ങളിലേക്കുമൊക്കെ സ്ത്രീകളെ തള്ളിവിടുന്നുവെന്നതാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ഗാർഹിക പീഡനങ്ങൾ കുടുംബ പ്രശ്നമായി മാത്രം കണ്ടിരുന്ന സാമൂഹ്യ അന്തരീക്ഷത്തിന് മാറ്റങ്ങൾ വന്നിരിക്കുന്നു. ജീവിതപങ്കാളിയെന്നതിനപ്പുറം വ്യക്തമായ അവകാശങ്ങളും അധികാരങ്ങളുമുള്ള വ്യക്തിയെന്ന നിലയിൽ വീടുകളിൽ സ്ത്രീകൾക്കെതിരെയുള്ള  അടിച്ചമർത്തലുകൾ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ഇന്ന് ശക്തമായ നിയമങ്ങളാണുള്ളത്. ഐ.പി.സി. 498 എ വകുപ്പ് പ്രകാരം ഗാർഹിക പീഡനത്തിന് 3 വർഷം വരെയുള്ള കടുത്ത ശിക്ഷയും പീഡനത്തിൻ്റെ ഭാഗമായി മരണം സംഭവിച്ചാൽ ഐ.പി.സി. 304 ബി. യിലുൾപ്പെടുത്തി 7 വർഷം വരെ കഠിന തടവിനും നിയമം വിഭാവനം ചെയ്യുന്നു.
ഗാർഹിക പീഡന നിയമപ്രകാരം ഹരജിക്കാരിയുടെ അപേക്ഷയിൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന് ഇരക്കെതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞു കൊണ്ടും വീടിനുള്ളിൽ സുരക്ഷിതത്വം ഉറപ്പു വരുത്തിയും ജീവനാംശമോ, ധനസഹായമോ നൽകാൻ നിർദ്ദേശിച്ചുകൊണ്ടും ഉത്തരവിടാവുന്നതാണ്. കോടതി വിധി ലംഘിച്ചാൽ ജാമ്യമില്ലാ കുറ്റകൃത്യമായി പരിഗണിച്ച് കൊണ്ട് പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാവുന്നതാണ്. പരാതികൾ ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർക്കോ, പോലീസിനോ, മജിസ്ട്രേറ്റിന് മുമ്പാകെ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. പീഡനത്തിന് ഇരയായ സ്ത്രീക്ക് മാത്രമല്ല അവർക്ക് വേണ്ടി ആർക്കു വേണമെങ്കിലും ഹരജി നൽകാൻ കഴിയുന്നുവെന്നതാണ് ഈ നിയമത്തിൻ്റെ സവിശേഷത ! ഗാർഹിക പീഡന കേസുകൾ കോടതിയിൽ ലളിതമായ നടപടിക്രമത്തിലൂടെ 60 ദിവസത്തിനകം തീർപ്പ് കൽപ്പിക്കേണ്ടതുണ്ടെന്നതും ഈ നിയമത്തിൻ്റെ പ്രത്യേകതയാണ്.

പീഡനാനുഭവങ്ങൾ പരാതിക്കാരി തുറന്നു പറയാൻ തയ്യാറാവുകയും തങ്ങൾ കുടുംബത്തിൻ്റെ മാനം കാക്കാൻ വേണ്ടി മാത്രമുള്ള യന്ത്രങ്ങളല്ലന്നും ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സമൂഹത്തെ അമിതമായി ഭയക്കുന്നത് പലപ്പോഴും ഇരകളുടെ പ്രയാസങ്ങൾ വർദ്ധിക്കുന്നതിന് മാത്രമാണ് ഉപകരിക്കുക. സ്വന്തം വ്യക്തിത്വത്തെ സംരംക്ഷിച്ചും സ്ത്രീ സുരക്ഷ നിയമങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞും തങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലന്ന് ഉറപ്പു വരുത്തിയും ജീവിക്കുക എന്നത്  വളരെ പ്രധാനമാണ്. നിയമ നടപടികൾ കൊണ്ട് മാത്രം കുടുംബത്തിൽ ഗാർഹിക പീഡന മുൾപ്പെടെയുള്ള സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനാവില്ല. സ്ത്രീ കീഴൊതുങ്ങേണ്ടവളാണന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്.  വ്യക്തിയെന്ന നിലയിൽ സ്ത്രീകളുടെ അവകാശങ്ങളെ പരിഗണിച്ചും അർഹമായ അംഗീകാരം നൽകിയും സ്നേഹമസൃണമായ ഇടപെടലുകളിലൂടെയും വിട്ടുവീഴ്ചയിലൂടെയും ബന്ധങ്ങള ദൃഢപ്പെടുത്തിയും പരസ്പരം മുന്നോട്ടു പോവുകയെന്നതാണ് പ്രധാനം.

ലേഖകൻ :  അഡ്വ.ടി.പി. എ. നസീർ
കോരങ്ങാട്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍