2000 രൂപ വീതം പിഴ, ചിലർക്കു ‘തെറ്റു തിരുത്താൻ’ അവസരം: ‘ഓപ്പറേഷൻ ഡെസിബെൽ’ തുടങ്ങി...
ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾ പിടികൂടാൻ മോട്ടർവാഹന വകുപ്പും എൻഫോഴ്സ്മെന്റ് ആർടിഒയും സംയുക്തമായി നടത്തുന്ന പരിശോധനയായ ‘ഓപ്പറേഷൻ ഡെസിബെൽ’ ഇന്നലെ തുടങ്ങി. നൂറ്റൻപതോളം വാഹനങ്ങൾ പിടിച്ചു. ഇന്നുകൂടി പരിശോധന തുടരും. വാഹനങ്ങൾക്ക് 74 മുതൽ 80 ഡെസിബെൽ വരെ ശബ്ദതീവ്രതയുള്ള ഹോണുകൾ ഉപയോഗിക്കാനേ അനുമതിയുള്ളൂ. എന്നാൽ, 100–120 ഡെസിബെൽ വരെയുള്ള ഹോണുകൾ ഉപയോഗിക്കുന്ന വാഹനങ്ങളുണ്ട്.
80 ഡെസിബെൽ പോലും ചെവിക്കു തകരാറുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുമ്പോഴാണിത്. നിയമം ലംഘിച്ച ചിലർക്ക് 2000 രൂപ വീതം പിഴ ചുമത്തി. ചിലർക്കു ‘തെറ്റു തിരുത്താൻ’ അവസരം നൽകി. എയർ ഹോണുകൾ ഉപയോഗിച്ചവരെക്കൊണ്ട് അതു മാറ്റിവയ്പിച്ചു. സൈലൻസർ മോടിപിടിപ്പിച്ചവരും അതു മാറ്റാൻ നിർബന്ധിതരായി. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ ആർടിഒകളുടെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ, ദേശീയപാത, പ്രധാന ജംക്‌ഷനുകൾ എന്നിവിടങ്ങളിലാണ് ഇന്നലെ ഓപ്പറേഷൻ ഡെസിബെൽ നടത്തിയത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്ന നാഷനൽ പെർമിറ്റ് വാഹനങ്ങളിൽ മിക്കതിലും ശബ്ദം കൂടുതലുള്ള ഹോണുകൾ ഘടിപ്പിച്ചിരുന്നു. ഇവർക്ക് അനുവദിച്ചിട്ടുള്ള ശബ്ദതീവ്രത 80 ഡെസിബെൽ ആണെങ്കിലും മിക്കതിലും 100ന് മേൽ ആയിരുന്നു. ഇരുചക്രവാഹനങ്ങളിൽ 70–74 ഡെസിബെൽ ആണ് അനുവദനീയമെങ്കിലും ചില ഹോണുകൾ 100–120 ഡെസിബെൽ ഉള്ളതായിരുന്നു. എൻഫോഴ്സ്മെന്റ് ആർടിഒ പി.ആർ.സുമേഷ്, ആർടിഒ സജി പ്രസാദ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍