ആര്‍എസ്എസ്, എസ്ഡിപിഐ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുന്നു; നിര്‍ദ്ദേശം നല്‍കി ഡിജിപി

 
ആലപ്പുഴ ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്- എസ്ഡിപിഐ സംഘടനകളിലുള്‍പ്പെട്ടവരുടെ ക്രിമിനല്‍ ലിസ്റ്റ് തയ്യാറാക്കാന്‍ ഒരുങ്ങി പൊലീസ്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ജില്ലാ അടിസ്ഥാനത്തിലാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ബിജെപി- എസ്ഡിപിഐ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കുന്നത്.

പട്ടിക തയ്യാറാക്കി ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം. ജാമ്യത്തില്‍ കഴിയുന്ന പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ സമീപകാലത്ത് ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവര്‍, കൃത്യങ്ങള്‍ ആസൂത്രണം ചെയ്തവര്‍, സഹായം നല്‍കിയവര്‍ തുടങ്ങിയവരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം.

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ഇത്തരം സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി.

ഇത്തരം ചര്‍ച്ചകള്‍ക്ക് അനുവാദം നല്‍കുന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ എല്ലാ ജില്ലകളിലേയും സൈബര്‍ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജിമാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍