സന്തോഷ് ട്രോഫി; കേരളം ഇന്ന് പോണ്ടിച്ചേരിക്കെതിരെ
ആൻഡമാനെത്തിരെ തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കീപ്പർ അബ്ദുൽ അസീസിൻ്റെ തകർപ്പൻ പ്രകടനം കേരളത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്തി. 39ആം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബർട്ട് നേടിയ ഈ ഗോളോടെ ആൻഡമാൻ ഗോൾമുഖം തുറന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ നേടിയ ജെസിൻ കേരളത്തെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് മുന്നിലെത്തിച്ചു.
64ആം മിനിട്ടിൽ ബിബിൻ തോമസിലൂടെ രണ്ടാം പകുതിയിലെ ഗോൾവേട്ട ആരംഭിച്ച കേരളം 70ആം മിനിട്ടിൽ അർജുൻ ജയരാജിൻ്റെ തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ ലീഡുയർത്തി. 80ആം മിനിട്ടിൽ സഫ്നാദ്, 81ആം മിനിട്ടിൽ രണ്ടാം ഗോളുമായി നിജോ, 85 ആം മിനിട്ടിൽ സൽമാൻ, ഇഞ്ചുറി ടൈമിൽ ഒരു ലോങ് റേഞ്ചറിലൂടെ വീണ്ടും സഫ്നാദ് എന്നിവർ കേരളത്തെ 9-0ലെത്തിച്ചു.
ലക്ഷദ്വീപിനെതിരെ ആദ്യ പകുതിയിൽ കേരളം 3-0 ന് ലീഡെടുത്തു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വേണ്ടവിധത്തിൽ അത് മുതലാക്കാൻ കേരള താരങ്ങൾക്ക് കഴിഞ്ഞില്ല. കേരളത്തിനുവേണ്ടി നിജോ ഗിൽബർട്ട്, ജെസിൻ, രാജേഷ് എസ്, അർജുൻ ജയരാജ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ തൻവീറിന്റെ സെൽഫ് ഗോളും ടീമിന് തുണയായി. ലക്ഷദ്വീപിന്റെ ഉബൈദുള്ള ചുവപ്പുകാർഡ് കണ്ട് പുറത്തായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍