പുലര്‍ച്ചെ മകന്റെ മരണവിവരമറിഞ്ഞ് നടുങ്ങി മാതാപിതാക്കള്‍; പ്രതിയുടെ മൊഴി വിശ്വസിക്കാതെ പോലീസ്


തിരുവനന്തപുരം: പേട്ടയിൽ മകളെ കാണാനെത്തിയ ആൺസുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്ന സംഭവത്തിൽ ദുരൂഹത. പുലർച്ചെ വീട്ടിൽ കണ്ട അനീഷ് ജോർജിനെ(19) കള്ളനാണെന്ന് കരുതി കുത്തിയതെന്നാണ് പ്രതി സൈമൺ ലാലയുടെ മൊഴി. എന്നാൽ ഇയാളുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട അനീഷും പ്രതി സൈമണിന്റെ മകളും പള്ളിയിലെ ക്വയർസംഘത്തിൽ ഒരുമിച്ചായിരുന്നു. ഈ പരിചയമാണ് സൗഹൃദത്തിലേക്കെത്തിയത്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയുമായിരുന്നില്ല. പുലർച്ചെ മൂന്ന് മണിയോടെയാകാം അനീഷ് സ്വന്തം വീട്ടിൽനിന്ന് പുറത്തിറങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. നാല് മണിയോടെയാണ് സൈമണിന്റെ വീട്ടിൽവെച്ച് അനീഷിന് കുത്തേറ്റത്. ഏറെക്കാലം പ്രവാസിയായിരുന്ന സൈമൺ വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സംഭവസമയത്ത് വാടകയ്ക്ക് താമസിക്കുന്നവർ ഇവിടെയുണ്ടായിരുന്നില്ല.

അനീഷിന്റെ വീട്ടിൽനിന്ന് 800 മീറ്ററോളം അകലെയാണ് സൈമണിന്റെ വീട്. പോലീസെത്തി വിവരം അറിയിച്ചപ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന കാര്യം മാതാപിതാക്കളും അറിയുന്നത്. തലേദിവസം രാത്രി വരെ വീട്ടിലുണ്ടായിരുന്ന മകൻ പുലർച്ചെയോടെ കുത്തേറ്റ് മരിച്ചെന്ന വിവരമറിഞ്ഞതിന്റെ ആഘാതത്തിലാണ് മാതാപിതാക്കൾ.

ബുധനാഴ്ച പുലർച്ചെയാണ് മകളുടെ സുഹൃത്തായ അനീഷ് ജോർജിനെ സൈമൺ ലാല വീട്ടിൽവെച്ച് കുത്തിക്കൊന്നത്. പുലർച്ചെ വീടിന്റെ രണ്ടാംനിലയിൽ കണ്ട യുവാവിനെ കള്ളനാണെന്ന് കരുതി ആക്രമിച്ചെന്നായിരുന്നു സൈമണിന്റെ മൊഴി. സംഭവത്തിന് ശേഷം ഇയാൾ തന്നെയാണ് പേട്ട പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചത്. വീട്ടിൽ ഒരാൾ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നുമായിരുന്നു സൈമൺ പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസെത്തി അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബഥനി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥിയാണ് കൊല്ലപ്പട്ട അനീഷ് ജോർജ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍