ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി; പള്ളി അടിച്ചുതകർത്തു

ഹരിയാനയിലെ ഗുരുഗ്രാമിൽ ക്രിസ്മസ് പ്രാർഥനയ്ക്കിടെ ജയ് ശ്രീറാം വിളികളുമായി എത്തിയവർ.

ന്യൂഡൽഹി • ഹരിയാനയിലെ ഗുരുഗ്രാമിൽ ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പള്ളി ഒരുവിഭാഗം ആളുകൾ അടിച്ചുതകർത്തു. പട്ടൗഡിയിലെ പള്ളിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടോടെ ജയ്ശ്രീറാം മുഴക്കിയെത്തിയ സംഘം പള്ളിയിലെ ഗായകസംഘത്തെ പിടിച്ചുതള്ളുന്നതും മൈക്ക് പിടിച്ചുവാങ്ങുന്നതും ഉൾപ്പെടുന്ന വിഡിയോ പുറത്തുവന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി പൊലീസ് പറഞ്ഞു.

ഹരിയാനയിലെ അംബാലയിൽ പള്ളിയുടെ പുറത്തു സ്ഥാപിച്ചിരുന്ന ക്രിസ്തുവിന്റെ പ്രതിമ തകർത്തു. ഹോളി റെഡീമർ ചർച്ചിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

അസമിലെ സിൽചാറിൽ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കാൻ ശ്രമം നടന്നു. ജയ്ശ്രീറാം മുഴക്കിയെത്തിയ ഏതാനും യുവാക്കൾ പൊതുസ്ഥലത്തു നടന്ന ആഘോഷത്തിൽ നിന്ന് ഹിന്ദു വിഭാഗക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. 7 പേരെ കസ്റ്റഡിയിലെടുത്തു.

കർണാടകയിലെ മാണ്ഡ്യയിൽ നിർമല ഇംഗ്ലിഷ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷം ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകർ തടസ്സപ്പെടുത്തിയതായി പരാതിയുണ്ടായി. കുട്ടികൾ ചേർന്ന് കേക്ക് വാങ്ങി. ഇതറിഞ്ഞ് എത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തിയതായി ഹെഡ്മിസ്ട്രസ് കനിക ഫ്രാൻസിസ് മേരി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍