കുട്ടികളുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ
കുട്ടികളുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ. 15-18 വയസ് വരെയുള്ളവർക്ക് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം.
15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഭാരത് ബയോടെക്കിന്റെ രണ്ടു ഡോസ് കോവാക്സിൻ അല്ലെങ്കിൽ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ് ഡി വാക്സിനാണ് കുട്ടികള്‍ക്കു നല്‍കുക. ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്സിന്‍റെ പരീക്ഷണം ഏഴ് വയസ്സു മുതൽ 11 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ നടത്തി. ബയോളജിക്കൽ ഇയുടെ കോർബെവാക്‌സിന്‍റെ പരീക്ഷണം അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ നടത്താനും അനുമതിയുണ്ട്. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ഊര്‍ജിതമാക്കാനാണ് തീരുമാനം.
രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 578 ആയി. രാജ്യത്ത് 19 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലാണ് കൂടുതൽ രോഗികൾ. രോഗികൾ കൂടുതലുള്ള ഇടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഡല്‍ഹിയില്‍ ഇന്നു മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. ഐസൊലേഷൻ കിടക്കകളും മെഡിക്കൽ ഓക്സിജനും ആവശ്യത്തിന് ഉണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍